കൊവിഡ് 19; ഹാർബറുകളിലെ തിരക്കൊഴിവാക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

കൊല്ലത്ത് ഹാർബറുകളിലെ തിരക്കൊഴിവാക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ലേലത്തിനായുള്ള തള്ളിക്കയറ്റം ഒഴിവാക്കാൻ ഓരോ ഇനം മത്സ്യത്തിനും ന്യായവില നിശ്ചയിച്ച് ഒരുദിവസം മുഴുവൻ ആ വിലയ്ക്ക് മത്സ്യം ലഭ്യമാക്കുന്ന സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ഹാർബറുകളിൽ തദ്ദേശീയരെത്തി ചില്ലറയായി മത്സ്യം വാങ്ങുന്ന രീതി കൊറോണ ഭീതിയൊഴിയും വരെ ഒഴിവാക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്ന് മത്സ്യം വാങ്ങാനെത്തുന്ന വാഹനങ്ങളിൽ ഒരാൾക്ക് മാത്രമേ ഹാർബറിനുള്ളിലേക്ക് പ്രവേശനം അനുവദിക്കൂ. ഹാർബറിൽ മത്സ്യക്കച്ചവടത്തിരക്ക് ഒഴിവാക്കാൻ വികേന്ദ്രീകൃത കച്ചവടം പ്രാവർത്തികമാക്കുമെന്നും മന്ത്രി പറഞ്ഞു. വിദേശത്തുനിന്നെത്തി ആരോഗ്യ വകുപ്പിന്റെ നിർദേശം അവഗണിച്ച് പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നവരെ നിർബന്ധമായും ഐസൊലേഷനിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here