‘മുറിയിൽ കൊതുക് ശല്യം, കുറ്റവാളിയോടെന്ന പോലെ പെരുമാറുന്നു’: പരാതിയുമായി കനിക കപൂർ

കൊവിഡ് 19 സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബോളിവുഡ് ഗായിക കനിക കപൂർ ആശുപത്രിക്കെതിരെ പരാതിയുമായി രംഗത്ത്. തനിക്ക് നൽകിയ മുറിയിൽ കൊതുകുശല്യമാണെന്നും തന്നോട് ആശുപത്രി ജീവനക്കാർ കുറ്റവാളിയോടെന്ന പോലെ പെരുമാറുന്നു എന്നുമാണ് കനികയുടെ പരാതി. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് കനിക ആശുപത്രിക്കെതിരെ ആരോപണം ഉന്നയിച്ചത്.
ലക്നൗവിലെ സഞ്ജയ് ഗാന്ധി സ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ സയൻസിലാണ് കനിക ചികിത്സയിൽ കഴിയുന്നത്. “ഞാൻ രാവിലെ 11 മണി മുതൽ ഇവിടെയുണ്ട്. എനിക്ക് ചെറിയ ഒരു കുപ്പി വെള്ളമാണ് കുടിക്കാൻ നൽകിയത്. കഴിക്കാൻ എന്തെങ്കിലും തരാൻ ഞാൻ ഇവരോട് ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ എനിക്ക് ആകെ രണ്ട് ഏത്തപ്പഴങ്ങളും പ്രാണികൾ ഉള്ള ഒരു ഓറഞ്ചുമാണ് ഇവർ നൽകിയത്. എനിക്ക് നന്നായി വിശക്കുന്നു. കഴിക്കേണ്ട മരുന്ന് പോലും ഞാൻ ഇതുവരെ കഴിച്ചിട്ടില്ല. എനിക്ക് പനിയുള്ള വിവരം ഞാൻ അവരെ അറിയിച്ചു. പക്ഷേ, ആരും എന്നെ നോക്കിയില്ല. ഞാൻ കൊണ്ടുവന്ന ഭക്ഷണം അവർ എടുത്തുകൊണ്ട് പോയി. ചില ഭക്ഷണങ്ങളോട് എനിക്ക് അലർജിയുണ്ട്. അതുകൊണ്ട് നൽകുന്നതെല്ലാം എനിക്ക് കഴിക്കാൻ സാധിക്കില്ല. വിശപ്പും ദാഹവും സഹിച്ചാണ് ഞാൻ ഇവിടെ കഴിയുന്നത്.”- കനിക പറഞ്ഞു.
അതേ സമയം, കനികയുടെ ആരോപണങ്ങളെ ആശുപത്രി അധികൃതർ തള്ളി. കനിക ഒരു രോഗിയെപോലെ പെരുമാറണമെന്നും താരജാട ഒഴിവാക്കണമെന്നും ഇവർ പറഞ്ഞു. പിടിവാശികൾ ഉപേക്ഷിക്കാൻ കനിക തയ്യാറാവണമെന്നും ഏറ്റവും മികച്ച സൗകര്യങ്ങളാണ് അവർക്ക് നൽകുന്നത് എന്നും ആശുപത്രി ഡയറക്ടർ ഡോ. ആർകെ ധിമൻ മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയുടെ അടുക്കളയിൽ നിന്നുള്ള ഭക്ഷണം, ശുചിമുറിയോട് കൂടിയ ഐസോലേറ്റഡ് എസി റൂം, കിടക്ക, ടെലിവിഷൻ എന്നിവയെല്ലാം അവർക്കായി സജ്ജമാക്കിയിട്ടുണ്ട്. കനിക തീർച്ചയായും പരമാവധി സഹകരിച്ചേ മതിയാകൂ. അങ്ങേയറ്റത്തെ പരിചരണം അവർക്ക് നൽകുമ്പോൾ, അവരൊരു രോഗിയാണെന്ന ബോധ്യത്തിലാണ് ഇവിടെ കഴിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: covid 19 Kanika Kapoor alleges her room is full of mosquitoes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here