നിയന്ത്രണങ്ങൾക്ക് പുല്ലുവില; നാളെ സംസ്ഥാനത്ത് ഷാപ്പ് ലേലം

സംസ്ഥാനത്ത് കൊവിഡ് 19 ഭീഷണി നിലനിൽക്കുമ്പോഴും നാളെ ഷാപ്പ് ലേലം നടത്താൻ നീക്കം. പത്തനംതിട്ട, ഇടുക്കി, കോട്ടയം, പാലക്കാട്, വയനാട് എന്നീ അഞ്ച് ജില്ലകളിലാണ് ലേലം നടക്കുക. രാവിലെ 10 മണിക്ക് ലേലം നടക്കും. കൊവിഡ് 19 മായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ മറികടന്നാണ് ലേലം തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ മലപ്പുറത്തും എറണാകുളത്തും ലേലം നടന്നിരുന്നു. പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിൽ ചിലയിടത്ത് ലേലം മാറ്റിവച്ചു. മിക്ക ജില്ലകളിലും നൂറു കണക്കിന് ആളുകൾ ലേലത്തിനെത്തിയിരുന്നു. ലേല നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കണ്ണൂരിലും മലപ്പുറത്തും ആലപ്പുഴയിലും പ്രതിഷേധിച്ചു.
എല്ലാ സുരക്ഷാ മുൻകരുതലും ഒരുക്കിയ ശേഷമാണ് ലേലം സംഘടിപ്പിച്ചതെന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ വിശദീകരണം നൽകിയത്. ലേലത്തിൽ പങ്കെടുക്കാൻ എത്തിയവർക്ക് സാനിറ്ററൈസർ, മാസ്ക് എന്നിവയും വിതരണം ചെയ്തിരുന്നു. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ കർശന ജാഗ്രതാ നിർദേശങ്ങളുള്ളപ്പോഴാണ് 2020-2023 വര്‍ഷത്തേക്കുള്ള കള്ളു ഷാപ്പ് ലേലം വിലക്കുകൾ ലംഘിച്ച് എക്സൈസ് വകുപ്പ് ജില്ലകളിൽ നടത്തിയത്.
അതേ സമയം, സംസ്ഥാനത്ത് 15 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇതോടെ കേരളത്തില്‍ 67 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 64 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.സംസ്ഥാനത്ത് 59,295 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 58,981 പേര്‍ വീടുകളിലും 314 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
Story Highlights: toddy shop auction tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here