വിപുലമായ പ്രതിരോധം തീർത്ത് കോഴിക്കോട് ജില്ലാ ഭരണകൂടം; ബീച്ച് ആശുപത്രി കൊവിഡ് ആശുപത്രിയാക്കും

കൊവിഡ് രോഗബാധിതരുടെ എണ്ണം ഉയർന്നതോടെ വിപുലമായ രോഗപ്രതിരോധന സംവിധാനങ്ങളുമായി കോഴിക്കോട് ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി കോഴിക്കോട് ബീച്ച് ആശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റും. കൊറോണ ലക്ഷണങ്ങളുമായി എത്തുന്നവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്യും. ഇവരിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവരെ ബീച്ച് ആശുപത്രിയിലേക്ക് മാറ്റാനാണ് തീരുമാനം.
രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ജില്ലയിൽ മൂന്ന് കൺട്രോൾ റൂമുകൾ തുറന്നു. അവശ്യവസ്തുകൾ ജനങ്ങളിൽ എത്തിക്കാൻ സിവിൽ സപ്ലൈസ് വകുപ്പും കൺട്രോൾ റൂം തുറക്കും. പുതുതായി രോഗം സ്ഥിരീകരിച്ച രണ്ട് പേരുടേയും പ്രൈമറി കോണ്ടാക്ടുകളെ കണ്ടെത്തിയതായി കളക്ടർ അറിയിച്ചു.
കോഴിക്കോട് ഇന്നലെ രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇവർ രണ്ട് പേരും ദുബായിൽ നിന്ന് എത്തിയവരായിരുന്നു. അതേസമയം, രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. മഹാരാഷ്ട്ര സ്വദേശിയാണ് ഒടുവിൽ മരിച്ചത്.
Story Highlights- coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here