ലോക്ക്ഡൗൺ: നിർദ്ദേശങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്‌തത് 402 കേസുകൾ

സംസ്ഥാനത്തു ലോക്ക്ഡൗൺ നടപടികൾ ശക്തമാക്കി പോലീസ്. നിർദ്ദേശങ്ങൾ ലംഘിച്ചാൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. ലോക്ക്‌ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്താകെ 402 കേസുകൾ രജിസ്റ്റർ ചെയ്‌തു.
ലോക്ക്ഡൗണിനോട് ജനങ്ങൾ പൂർണമായും സഹകരിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് നടപടികൾ കർശനമാക്കിയത്. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവർക്കെതിരെ ക്രിമിനൽ കേസടക്കമുള്ള കർശനനടപടിയുണ്ടാകും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം നിരത്തിലിറങ്ങും. അവശ്യ സേവനമായി പ്രഖ്യാപിക്കപ്പെട്ടിട്ടുളള വിഭാഗത്തില്‍പ്പെട്ടവര്‍ക്കു യാത്ര ചെയ്യുന്നതിനായി ജില്ലാ പൊലീസ് മേധാവിമാർ പ്രത്യേക പാസ്സ് നൽകും. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് സ്വയം തയ്യാറാക്കി നൽകുന്ന സത്യവാങ്മൂലം നൽകണം. യാത്രയുടെ വിവരങ്ങളടക്കം സത്യവാങ്മൂലത്തിൽ സൂചിപ്പിക്കണം. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ സ്വകാര്യ വാഹനങ്ങൾ അനുവദിക്കുകയുള്ളു. അവശ്യ വസ്തുക്കൾ പൂഴ്ത്തിവെയ്ക്കുകയോ, വില കൂട്ടുകയോ ചെയ്താൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് ഡി.ജി.പി അറിയിച്ചു.
നിർദ്ദേശങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്താകെ ഇതു വരെ 402 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 123 കേസുകളാണ് തിരുവനന്തപുരത്ത് മാത്രം രജിസ്റ്റർ ചെയ്‌തത്. എറണാകുളത്ത് 69 ഉം, കൊല്ലത്ത് 70ഉം, ഇടുക്കിയിൽ 48 ഉം കേസുകൾ രജിസ്റ്റർ ചെയ്തു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പൊലീസ് ആസ്ഥാനത്ത് കൊവിഡ് കൺട്രോൾ റൂം ആരംഭിച്ചു. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളും, സർക്കാർ നിർദ്ദേശങ്ങളുടെ ലംഘനവും കൺട്രോൾ റൂമിൽ അറിയിക്കാം.
Story Highlights: lockdown 402 cases in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here