കൊവിഡ് 19: ആരോഗ്യ പ്രവർത്തകരോട് നന്ദി ഉണ്ടായിരിക്കണമെന്ന് മുഖ്യമന്ത്രി

ആരോഗ്യ പ്രവർത്തകരോട് നന്ദി ഉണ്ടായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആശുപത്രികളിലെ ക്ലീനിംഗ് സ്റ്റാഫും പാരമെഡിക്കൽ സ്റ്റാഫും ഉൾപ്പെടെ ഉള്ളവരെ ഈ സമയത്ത് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് 19മായി ബന്ധപ്പെട്ട് നടത്തിയ അവലോകനയോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.
“ഈ മഹാമാരിയെ മറികടക്കാൻ ശ്രമിക്കുന്നവരുടെ കൂടെ തുടക്കം മുതൽ നിന്ന്, ഈ ആപത്തിൽ നിന്ന് ജനങ്ങളെയും നാടിനെയും രക്ഷപ്പെടുത്താൻ പരിശ്രമിക്കുന്നവരെ ഒരു നിമിഷമെങ്കിലും നാം ഓർമിക്കണം. ഐസൊലേഷൻ വാർഡുകളിൽ പ്രത്യേക വസ്ത്രം ധരിച്ച് രോഗികളായവരെയും നിരീക്ഷണത്തിൽ ഉള്ളവരെയും പരിചരിക്കുന്ന നമ്മുടെ ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന മെഡിക്കൽ സംഘം. അവരെയാണ് നാം കൃതജ്ഞതയോടെ ഓർക്കേണ്ടത്. ആശുപത്രികളിലെ പാരാമെഡിക്കൽ സ്റ്റാഫുണ്ട്. ക്ലീനിംഗ് സ്റ്റാഫ് ഉൾപ്പെടെയുള്ള ജീവനക്കാരുണ്ട്. വീടുകളിലെത്തി കാര്യങ്ങൾ അന്വേഷിക്കുന്ന ഹെൽത്ത് ഇൻസ്പെക്ടർമാർ, ആശാവർക്കർമാർ ഇങ്ങനെ ആരോഗ്യ മേഖല ഒന്നാകെ കൊവിഡിനെ പ്രതിരോധിക്കാൻ ഒന്നിച്ച് ഇറങ്ങിയിട്ടുണ്ട്. അവർ സ്വന്തം കുടുംബത്തെ മാറ്റിനിർത്തിയാണ് മറ്റുള്ളവർക്കായി കഠിനാധ്വാനം ചെയ്യുന്നത്. അവരെ ആകെയാണ് ഒരു നിമിഷം ഓർക്കണമെന്ന് നേരത്തെ പറഞ്ഞത്”- അദ്ദേഹം പറഞ്ഞു.
കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ദിവസ വേതനക്കാരെയും പ്രായമായവരെയും ഭിന്നശേഷിക്കാരെയും പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവരെക്കുറിച്ച് ധാരണ വേണം. വാർഡ് തല സമിതികൾ ഇക്കാര്യം ഏകോപിപ്പിക്കണം. കൊവിഡ് 19 വൈറസ് ബാധിതരെ സഹായിക്കാൻ സ്വയം തയ്യാറായ സന്നദ്ധപ്രവർത്തകർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുകയും ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള സഹായങ്ങൾ എത്തിച്ചു കൊടുക്കണം ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: thank medical staffs pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here