കൊവിഡ് വ്യാപനം തടയാൻ നിരീക്ഷണത്തിലുള്ള വീടുകളിൽ സ്റ്റിക്കർ പതിക്കും; കൂടാതെ ജിയോ ഫെൻസിംഗും: കടകംപള്ളി സുരേന്ദ്രൻ

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി നടപടികൾ കനപ്പിച്ച് സംസ്ഥാന സർക്കാർ. നിരീക്ഷണത്തിലുള്ള വീടുകളിൽ ഇതിന്റെ ഭാഗമായി സ്റ്റിക്കർ പതിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നിരീക്ഷണത്തിലുള്ള ആളുകളുടെ വീടുകളിൽ മറ്റുള്ളവരുടെ സന്ദർശനം ഒഴിവാക്കാൻ വേണ്ടിയാണ് തിരുവനന്തപുരം ജില്ലയിലെ നിരീക്ഷണത്തിലുള്ള വീടുകളിൽ സ്റ്റിക്കർ ഒട്ടിക്കുന്നത്. ജിയോ ഫെൻസിംഗും ഉൾപ്പെടുത്തുന്നുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ജിയോ ഫെൻസിംഗും നടപ്പിലാക്കുന്നത്. നിരീക്ഷണത്തിലുള്ളവർ നിയന്ത്രണം ലംഘിച്ച് പുറത്ത് പോകുന്ന ഒരുപാട് കേസുകൾ വരുന്നുണ്ട്. ജിയോ ഫെൻസിംഗ് ഏർപ്പെടുത്തുന്നതോടെ നിരീക്ഷണത്തിലുള്ളവർ വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ തന്നെ അധികൃതർക്ക് വിവരം കിട്ടുന്നതാണ്. ഭക്ഷണ സാധനങ്ങൾ പൂഴ്ത്തിവയ്ക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി. മുൻകരുതലിന്റെ ഭാഗമായി അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളിൽ കച്ചവടക്കാർ മാർക്കിംഗ് നടത്തി സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഇതിനായി മറ്റ് സജ്ജീകരണങ്ങൾ നടത്തണമെന്നും മന്ത്രി.
Read Also: ആശങ്ക നീങ്ങി; വീണ്ടും സജീവമായി ശ്രീചിത്ര
അതേസമയം, ലോക്ക് ഡൗണിന്റെ നാലാം ദിനം കൊറോണവൈറസിന്റെ സമൂഹ വ്യാപനം ഇതുവരെ നടന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. അതിനാൽ തന്നെ വരുന്ന ആഴ്ച നിർണായകമാണ്. ഇനിയും വൈറസ് വ്യാപനത്തെക്കുറിച്ച് അറിയാൻ മൂന്ന് ആഴ്ച വേണ്ടി വരും. കേരളത്തിന്റെ ചികിത്സാ മാതൃക കേന്ദ്രം തേടിയതായും മന്ത്രി. പുറം രാജ്യത്തിൽ നിന്നെത്തുന്നവർ ഇപ്പോഴും നിരീക്ഷണത്തിൽ ഇരിക്കുന്നില്ല. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിൽ വർധനയുണ്ടായത് ഗൾഫിൽ നിന്നുള്ള ആളുകളുടെ വരവ് മൂലമാണെന്നും ആരോഗ്യ മന്ത്രി ഒരു മാധ്യമത്തോട് പറഞ്ഞു.
coronavirus, kadakampalli surendran, geo fencing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here