ലോക്ക് ഡൗൺ: 10 മാസം പ്രായമായ കുഞ്ഞിനെ തോളിൽ എടുത്ത് കാൽനടയായി രണ്ട് ദിവസം യാത്ര ചെയ്ത് ഒരു കുടുംബം

രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ പൊതു ഗതാഗതം ഇല്ലാതായതോടെ കാൽനടയായി രണ്ട് ദിവസം യാത്ര ചെയ്ത് ഒരു കുടുംബം. 10 മാസം പ്രായമായ കുഞ്ഞിനെ തോളിൽ എടുത്ത് ന്യൂഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലെ തങ്ങളുടെ ഗ്രാമത്തിലേക്ക് പോകുന്ന കുടുംബത്തിൻ്റെ വാർത്ത എൻഡിടിവി ആണ് റിപ്പോർട്ട് ചെയ്തത്.
ഒരു വലിയ ബാഗ് തോളിൽ തൂക്കിയ ഭാര്യ മകളുടെ കൈ പിടിച്ചാണ് നടക്കുന്നത്. ഭർത്താവ് ആവട്ടെ, 10 മാസം പ്രായമായ കുഞ്ഞിനെ തോളിൽ ചുമക്കുന്നു. ഡൽഹിയിൽ തുടർന്നാൽ പട്ടിണിയാകുമെന്നാണ് കുടുംബം പറയുന്നത്. “കല്ല് ഭക്ഷിക്കാൻ കഴിയില്ല. ഡൽഹിയിൽ ആരും ആരെയും സഹായിക്കില്ല. പക്ഷേ, ഗ്രാമത്തിൽ അങ്ങനെയല്ല. റൊട്ടി ഉപ്പും ചട്ണിയുമായെങ്കിലും അവിടെ കഴിക്കാം. അവിടം സമാധാനപരമായിരിക്കും. ഇവിടെ ഞങ്ങൾക്ക് ഒന്നുമില്ല.”- ഭർത്താവ് ബണ്ടി പറയുന്നു.
ഡൽഹിയിൽ നിന്ന് 150 കിലോമീറ്റർ അകലെ അലിഗഡിലാണ് ബണ്ടിയുടെ ഗ്രാമം. മൂന്ന് മക്കളോടൊപ്പമാണ് ഇവരുടെ യാത്ര.
കൊവിഡ് 19 പ്രതിരോധിക്കാൻ 21 ദിവസത്തെ ലോക്ക് ഡൗൺ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളിൽ പൊതുഗതാഗതം ഉണ്ടാവില്ല. ആളുകൾ എവിടെയാണോ ഉള്ളത് അവിടെ തുടരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേ സമയം, രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയെന്ന് ആരോഗ്യ മന്ത്രാലയം. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 724 ആയി.
രാജസ്ഥാനിൽ നിന്നാണ് പുതിയ കൊവിഡ് 19 മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജസ്ഥാനിലെ ഭിൽവാര സ്വദേശിയാണ് മരിച്ചത്. ഇതോടെയാണ് രാജ്യത്തെ കൊവിഡ് മരണസംഖ്യ 17 ലേക്ക് എത്തിയത്.
Story Highlights: Walking Home For 2 Days With 10-Month-Old On His Shoulders Amid Lockdown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here