ലോക്ക് ഡൗൺ;വിലക്കയറ്റം തടയുന്നതിന് ചില്ലറ വിലനിലവാരം പുറത്തിറക്കി കോഴിക്കോട് ജില്ലാ ഭരണകൂടം

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കുന്നതിനെതിരെ ശക്തമായ നടപടിയുമായി കോഴിക്കോട് ജില്ലാ ഭരണകൂടം. പച്ചക്കറി ഉൾപ്പെടെയുള്ളവയ്ക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് ഇടപെടലുമായി ജില്ല ഭരണകൂടം രംഗത്തിറങ്ങിയത്.
വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി നാല് ദിവസത്തേക്ക് ബാധകമായ ശരാശരി ചില്ലറ വിലനിലവാരം പുറത്തിറക്കി. ജില്ലയിലെ മൊത്ത/ചില്ലറ വ്യാപര സ്ഥാപനങ്ങൾ സന്ദർശിച്ച് അവരുടെ ബില്ലുകൾ പരിശോധിച്ചതിനുശേഷമാണ് ശരാശരി വിലനിലവാരം തയാറാക്കിയിട്ടുള്ളത്. ഇപ്പോൾ തയാറാക്കിയ വിലനിലവാരത്തിന് ഞായറാഴ്ച മുതൽ നാലു ദിവസത്തേക്ക് പ്രാബല്യം ഉണ്ടായിരിക്കും.
ഈ വിലനിലവാരം അനുസരിച്ചല്ലാതെ, അവശ്യസാധനങ്ങൾ കൂടുതൽ വില ഈടാക്കുകയാണെങ്കിൽ ജില്ല ഭരണകൂടത്തിനോട് പരാതി അറിയിക്കാം. അതിനായി കൊവിഡ് ജാഗ്രത എന്ന വെബ് ആപ്ലിക്കേഷനോ, 9188527400(താലൂക്ക് സപ്ലൈ ഓഫിസർ കോഴിക്കോട്), 9188527401( സിറ്റി റേഷനിങ് ഓഫിസർ, സൗത്ത്),9188527402( സിറ്റി റേഷനിങ് ഓഫിസർ നോർത്ത്),9188527403(താലൂക്ക് സപ്ലൈ ഓഫിസർ കൊയിലാണ്ടി), 9188527404 താലൂക്ക് സപ്ലൈ ഓഫിസർ വടകര),9188527399( താലൂക്ക് സപ്ലൈ ഓഫിസർ താമരശ്ശേരി) എന്നീ നമ്പറുകളോ പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുത്താം.
അമിത വില ഈടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സിവിൽ സപ്ലൈസ് അധികൃതർ കോഴിക്കോട് ജില്ലയിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തിയിരുന്നു. പരാതി യാഥാർത്ഥ്യമാണെന്നു ബോധ്യപ്പെടുകയും ചെയ്തിരുന്നു. പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചായിരുന്നു പരിശോധന. വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായാണ് സ്‌ക്വാഡുകൾ രൂപീകരിച്ചിരിക്കുന്നത്. താലൂക്ക് സപ്ലൈ ഓഫിസർമാരുടെ നേതൃത്വത്തിൽ കൊയിലാണ്ടി, വടകര, താമരശ്ശേരി എന്നിവിടങ്ങളിൽ പ്രത്യേക സ്‌ക്വാഡുകളും, സിറ്റി റേഷനിംഗ് ഓഫിസറുടെ പരിധിയിൽ നോർത്ത്, സൗത്ത് എന്നിവിടങ്ങളിൽ ഒരു സ്‌ക്വാഡുമാണ് രൂപീകരിച്ചിട്ടുള്ളത്. ലീഗൽ മെട്രോളജി വകുപ്പിന്റെ സഹായവും ഈ സ്‌ക്വാഡുകൾക്ക് ലഭിക്കും.
Story highlight: District administration, in Kozhikode, opposes increase in prices of essential commodities
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here