ഫോണിൽ വിളിച്ചത് പ്രധാന മന്ത്രി; അമ്പരന്ന് നഴ്സ്

കൊവിഡ് 19നെ നേരിടാൻ ജീവൻ പണയം വെച്ച് സേവനം നടത്തുന്ന ആരോഗ്യ പ്രവർത്തകർക്ക് പ്രധാനമന്ത്രിയുടെ ആദരം. പൂനെയിലെ നായിഡു ഹോസ്പിറ്റലിലെ നഴ്സ് ആയ ഛായാ ജഗ് തപിനെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യമൊട്ടാകെയുള്ള ആരോഗ്യപ്രവർത്തകർക്ക് പ്രധാനമന്ത്രിയുടെ പ്രവൃത്തി പ്രചോദനമാകുമെന്ന് ഛായാ പ്രതികരിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം പതിവ് ഡ്യൂട്ടിക്കായി ആശുപത്രിയിലേക്ക് പോകാനൊരുങ്ങുകയായിരുന്നു ഛായാ ജഗ് തപ്. തിരക്കിനിടയിൽ മൊബൈൽ ഫോൺ ശബ്ദിച്ചു. ഫോണെടുത്ത ഛായയ്ക്ക് തന്റെ കാതുകളെ വിശ്വസിക്കാനായില്ല. വിളിച്ചത് രാജ്യത്തിന്റെ പ്രധാനമന്ത്രി. അമ്പരപ്പ് മാറും മുൻപ് ആദ്യ ചോദ്യം മറാത്തിയിൽ. ഛായയുടെ കുടുംബത്തിന്റെ സുഖവിവരമാണ് പ്രധാനമന്ത്രി ആദ്യം ആരാഞ്ഞത്. തുടർന്ന് കൊവിഡ് 19ന് എതിരായ പോരാട്ടത്തിലേക്കായി സംഭാഷണം. രോഗം സംശയിക്കുന്നതോ രോഗബാധയുള്ളതോ ആയ ഓരോ പുതിയ വ്യക്തിയും മരണഭയത്തോടെയാണ് ആശുപത്രിയിലെത്തുന്നതെന്ന് ഛായാ പ്രധാനമന്ത്രിയോട് പറഞ്ഞു. എന്നാൽ തങ്ങളാൽ ആവും വിധം അവരെ ആശ്വസിപ്പിച്ചു വേഗമുള്ള സൗഖ്യത്തിലേക്കു നയിക്കാൻ സഹായിക്കാറുണ്ടെന്നും ഛായാ വ്യക്തമാക്കി. രോഗം വന്നാൽ ഭയക്കേണ്ട കാര്യമില്ലെന്ന് രോഗം ഭേദമായി ഡിസ്ചാർജ് ആയ ഏഴ് പേരുടെ ഉദാഹരണം ചൂണ്ടിക്കാട്ടി ഛായാ പറഞ്ഞു.
Read Also: കേരളത്തിലും കൊവിഡ് മരണം; 69 കാരനായ കൊച്ചി സ്വദേശി മരിച്ചു
കൊവിഡിനെതിരായ പോരാട്ടം ആരോഗ്യപ്രവർത്തകർ കരുത്തോടെ തുടരണമെന്നും പ്രധാനമന്ത്രിയുടെ അഭിനന്ദനം അതിന് പ്രചോദനമെന്നും ഛായാ പറഞ്ഞു. നായിഡു ഹോസ്പിറ്റലിൽ കഴിഞ്ഞ 20 വർഷമായി സ്റ്റാഫ് നേഴ്സ് ആയി സേവനമനുഷ്ഠിക്കുകയാണ് ഛായാ ജഗ് തപ്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ആശുപത്രിയിൽ ജോലി ചെയ്യുന്ന നേഴ്സുമാരുടെ വിവരം ശേഖരിച്ചിരുന്നു. ഇതിന് ശേഷമാണ് ഛായയ്ക്ക് പ്രധാനമന്ത്രിയുടെ വിളിയെത്തിയത്.
coronavirus, pm calls nurse
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here