അതിഥി തൊഴിലാളികളോട് ഹിന്ദിയിൽ കാര്യങ്ങൾ വിവരിക്കുന്ന പൊലീസുകാരന്റെ കരുതൽ; വീഡിയോ വൈറൽ

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് കഷ്ടത്തിലായവരിൽ അതിഥി തൊഴിലാളികളുമുണ്ട്. സംസ്ഥാനത്ത് അതിഥി തൊഴിലാളികൾക്കായി ക്യാമ്പുകൾ തുറക്കുകയും ഭക്ഷണം അടക്കമുള്ള അവശ്യ സാധനങ്ങൾ എത്തിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടെയാണ് ഇന്ന് കോട്ടയം പാരിപ്പള്ളിയിൽ ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്നും വീട്ടിലേക്ക് പോകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഇവർ സംഘടിച്ചത്. സംഭവത്തിനു പിന്നിൽ ഗൂഢാലോചന ഉണ്ടാവാമെന്ന റിപ്പോർട്ടുകൾ വരുന്നുണ്ടെങ്കിലും അതിഥി തൊഴിലാളികൾ തെരുവിലിറങ്ങിയത് ആശങ്ക ഉളവാക്കുന്നുണ്ട്. ഈ സന്ദർഭത്തിൽ മറ്റൊരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിഥി തൊഴിലാളികളോട് ഹിന്ദിയിൽ കാര്യങ്ങൾ വിശദീകരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
എന്താണ് കൊവിഡ് 19 എന്ന് വിശദീകരിച്ചു നൽകുന്ന പൊലീസ് ഉദ്യോഗസ്ഥനെ വീഡിയോയിൽ കാണും. ചുറ്റും സൂക്ഷമതയോടെ നിൽക്കുന്ന ഒരുപറ്റം അതിഥി തൊഴിലാളികളും. ഭക്ഷണമോ വസ്ത്രമോ പോലുള്ള എന്തിനെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിക്കുമ്പോൾ അവർ ഇല്ലെന്ന് മറുപടി നൽകുന്നു. ലോകത്തെ പല രാജ്യങ്ങളിലും വൈറസ് ബാധ രൂക്ഷമായെങ്കിലും ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും അവസ്ഥ സുരക്ഷിതമാണ്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പൊലീസുകാരോട് പറയാം. അസുഖം ഉണ്ടായാൽ അയാളെ ഒരു മുറിയിൽ ആക്കിയ ശേഷം സർക്കാരിനെ അറിയിക്കണം. അവർ രോഗിയെ കൊണ്ടുപോകുമെന്നും അദ്ദേഹം അവരോട് പറഞ്ഞ് മനസ്സിലാക്കുന്നു.
സംസ്ഥാനത്ത് 20 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂർ എട്ട്, കാസർഗോഡ് ഏഴ്, തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ ഒരോ കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.
Story Highlights: police officer guest workers video viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here