ലോക്ക് ഡൗൺ നീട്ടാനോ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനോ ആലോചനയില്ലെന്ന് കേന്ദ്ര സർക്കാർ

21 ദിവസത്തെ ലോക്ക് ഡൗൺ നീട്ടാനോ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനോ നിലവിൽ ആലോചനയില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി തന്നെയാണ് ഇത്തരമൊരു സൂചന മുന്നോട്ടു വച്ചത്.
ലോക്ക് ഡൗൺ ഇപ്പോൾ ആറു ദിവസം പിന്നിട്ടു. ഏപ്രിൽ 14 വരെയാണ് സമ്പൂർണ ലോക്ക് ഡൗൺ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, ഏപ്രിൽ 14 നു ശേഷവും ലോക്ക് ഡൗൺ നീട്ടിയേക്കുമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇത്തരം വാർത്തകൾ നിഷേധിക്കുകയാണ് കാബിനറ്റ് സെക്രട്ടറി രാജീസ് ഗബ്ബ. ‘ഇപ്പോൾ പുറത്തു വരുന്ന ചില റിപ്പോർട്ടുകൾ അത്ഭുതപ്പെടുത്തുന്നതാണ്. നിലവിൽ പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക് ഡൗൺ ദീർഘിപ്പിക്കാൻ ഇപ്പോൾ പദ്ധതികളില്ല’ എന്നായിരുന്നു കാബിനറ്റ് സെക്രട്ടറി വിശദീകരിച്ചത്.
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 1139 പേർ ഇന്ത്യയിൽ കൊവിഡ് ബാധിതരായുണ്ട്. 27 പേർ മരിച്ചു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ദിനംപ്രതി നൂറിലേറെ പുതിയ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈയൊരു സാഹചര്യത്തിലാണ് ലോക്ക ഡൗൺ സമയപരിധി ദീർഘിപ്പിക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവരാൻ തുടങ്ങിയത്. കാബിനറ്റ് സെക്രട്ടറിയുടെ വാക്കുകൾ ഇത്തരം റിപ്പോർട്ടുകളെ തള്ളിക്കളയുകയാണെങ്കിലും വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ രൂക്ഷമായാൽ കേന്ദ്രസർക്കാർ എന്തു നടപടിയാണ് സ്വീകരിക്കാൻ പോകുന്നതെന്നതിനെക്കുറിച്ച് സംശയങ്ങൾ ജനങ്ങൾക്ക് ബാക്കി നിൽക്കുകയാണ്.
രാജ്യത്ത് കൊറോണ വൈറസിന്റെ സാമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലുകളാണ് ഏക ആശ്വാസം. എന്നാൽ, കൂടുതൽ പരിശോധനകൾ നടത്തിയാലേ യഥാർത്ഥ ചിത്രം വ്യക്തമാകൂ എന്ന് ആരോഗ്യവിദഗ്ധർ തന്നെ ചൂണ്ടിക്കാണിക്കുന്നുമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here