Advertisement

ലോക്ക് ഡൗൺ: അതിഥി തൊഴിലാളികളെപ്പറ്റി നേരത്തെ ആലോചിക്കണമായിരുന്നു; കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഹർഭജൻ സിംഗ്

March 30, 2020
1 minute Read

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്. ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപ് തന്നെ അവരെപ്പറ്റി ആലോചിക്കണമായിരുന്നു എന്നും വേണ്ട നടപടികൾ കൈക്കൊള്ളണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് ഹർഭജൻ മനസ്സു തുറന്നത്.

“ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപ് തന്നെ കുടിയേറ്റ തൊഴിലാളികളെപ്പറ്റി ആലോചിക്കണമായിരുന്നു. അവർക്ക് താമസിക്കാൻ ഇടമില്ല, ഭക്ഷണമോ ജോലിയോ ഇല്ല. അവർക്ക് ഭക്ഷണവും പണവും ലഭിക്കുമെന്ന കാര്യം സർക്കാർ ഉറപ്പു വരുത്തേണ്ടിയിരുന്നു. പക്ഷേ, ഇപ്പോൾ അവർ നാട്ടിലേക്ക് തിരീ പോകാൻ ശ്രമിക്കുകയാണ്. കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതി വളരെ അസ്വസ്ഥതയുണ്ടാക്കുന്നു”- ഹർഭജൻ പറഞ്ഞു.

ഇപ്പോൾ ക്രിക്കറ്റിനെ പറ്റി താൻ ചിന്തിക്കാറില്ലെന്നും അത് സ്വാർത്ഥതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇപ്പോൾ, കഴിഞ്ഞ 15 ദിവസമായി ക്രിക്കറ്റ് എൻ്റെ ചിന്തയിലേക്ക് വന്നിട്ടില്ല. രാജ്യത്തിനു മുന്നിൽ ക്രിക്കറ്റ് വളരെ നിസ്സാരമായ കാര്യമാണ്. ക്രിക്കറ്റിനെപ്പറ്റിയോ ഐപിഎല്ലിനെപ്പറ്റിയോ ചിന്തിച്ചാൽ ഞാൻ സ്വാർത്ഥനായിപ്പോകും. ആരോഗ്യമുള്ള ഒരു ഇന്ത്യയാവണം നമ്മുടെ ലക്ഷ്യം. നമ്മൾ ആരോഗ്യവും സുരക്ഷിതത്വവും ഉള്ളവരായിരിക്കുമ്പോൾ മാത്രമേ കായിക മത്സരങ്ങൾ നടക്കാവൂ. എൻ്റെ ചിന്തകളിൽ പോലും ക്രിക്കറ്റ് ഇല്ല”- അദ്ദേഹം വ്യക്തമാക്കി.

“സ്ഥിതി ഇത്ര രൂക്ഷമാകുമെന്നും ലോക്ക് ഡൗൺ പ്രഖ്യാപിക്കേണ്ടി വരുമെന്നും ആരും കരുതിയില്ല. സർക്കാരിന് ചിന്തിക്കാൻ പോലും സമയം ലഭിക്കുന്നതിനു മുൻപ് കാര്യങ്ങൾ മാറിമറിഞ്ഞു. പൗരന്മാർക്ക് സുരക്ഷ ഉറപ്പാക്കുന്ന തീരുമാനങ്ങൾ (സർക്കാർ) കൈക്കൊള്ളുമെന്ന് കരുതാം. സ്വന്തം ആളുകളോടൊപ്പം കഴിയാനാണ് ആളുകൾ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതെന്ന് ഞാൻ മനസ്സിലാക്കുന്നു”- ഹർഭജൻ കൂട്ടിച്ചേർത്തു.

Story Highlights: harbhajan singh criticizes government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top