കർണാടകയുടെ അതിർത്തി നിയന്ത്രണം; കാസർഗോഡ് മൂന്ന് പേർ കൂടി ചികിത്സ ലഭിക്കാതെ മരിച്ചു

കാസർകോട് മഞ്ചേശ്വരത്ത് ചികിത്സ കിട്ടാതെ മൂന്നു പേർ കൂടി മരിച്ചു. തുമിനാട് സ്വദേശി മാധവ, കെസി റോഡിലെ ആയിഷ, ചെറുഗോളിയിലെ അബ്ദുൽ അസീസ് ഹാജി എന്നിവരാണ് ഇന്നലെ മരിച്ചത്. ഇതോടെ കർണ്ണാടകയുടെ അതിർത്തി നിയന്ത്രണത്തെ തുടർന്ന് ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം അഞ്ചായി.
അടിയന്തിര ചികിത്സ കിട്ടാത്തതിനെ തുടർന്ന് മൂന്നു ദിവസത്തിനിടെയാണ് മഞ്ചേശ്വരത്ത് അഞ്ച് മരണം സംഭവിച്ചത്. നാൽപ്പത്തൊൻപതുകാരനായ മാധവ വൃക്കരോഗിയായിരുന്നു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുന്ന മാധവ ഡയാലിസിസിനായി രണ്ടു ദിവസം മുൻപ് ആശുപത്രിയിലേക്ക് പുറപ്പെട്ടിരുന്നെങ്കിലും തലപ്പാടിയിൽ വെച്ച് കർണ്ണാടക പൊലീസ് തിരിച്ചയച്ചു. ഗുരുതരാവസ്ഥയിലായ മാധവ വൈകിട്ടോടെയാണ് മരണപ്പെട്ടത്. സന്ധ്യയോടെയാണ് അറുപതുകാരിയായ ആയിഷയെ ശ്വാസ തടസ്സം അനുഭപ്പെട്ടതിനെ തുടർന്ന് ഉപ്പളയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഗുരുതരാവസ്ഥയിലായതു കാരണം മംഗളൂരുവിലേക്ക് റഫർ ചെയ്തെങ്കിലും തലപ്പാടിയിലെത്തിയപ്പോൾ ആംബുലൻസിൽ വെച്ച് ആയിഷ മരണപ്പെട്ടു. രണ്ടു വൃക്കകളും തകരാറിലായിരുന്ന ഉപ്പള ചെറുഗോളിയിലെ 63 കാരനായ അബ്ദുൽ അസീസ് ഹാജി വിദഗ്ധ ചികിത്സക്കായി കോഴിക്കോടേക്കുള്ള യാത്രക്കിടെയാണ് മരണപ്പെട്ടത്. മംഗളൂരുവിലേക്ക് പോകാൻ കഴിയാതിരുന്നതിനെ തുടർന്നാണ് ഇദ്ദേഹത്തെ കോഴിക്കോടേക്ക് മാറ്റാൻ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം എഴുപതുകാരിയായ പാത്തുമ്മയെന്ന സ്ത്രീയും, രണ്ടു ദിവസം മുൻപ് തുമിനാട് സ്വദേശിയായ അബ്ദുൾ ഹമീദും മരണപ്പെട്ടിരുന്നു.
Story Highlights: karnataka boarder issue 3 deaths in kasargod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here