Advertisement

കർണാടകയുടെ അതിർത്തി നിയന്ത്രണം: കാസർകോട് ചികിത്സ കിട്ടാതെ ഒരാൾ കൂടി മരിച്ചു

March 31, 2020
1 minute Read

കാസർകോട് മഞ്ചേശ്വരത്ത് ചികിത്സ കിട്ടാതെ ഒരാൾ കൂടി മരിച്ചു. മഞ്ചേശ്വരം സ്വദേശി ശേഖർ ആണ് മരിച്ചത്. ഇതോടെ അതിർത്തി നിയന്ത്രണത്തെ തുടർന്ന് ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം ആറായി.

അടിയന്തിര ചികിത്സ കിട്ടാത്തതിനെ തുടർന്ന് കാസർകോട് സംഭവിക്കുന്ന തുടർച്ചയായ ആറാമത്തെ മരണമാണ് നാൽപ്പത്തൊൻപതുകാരനായ ശേഖറിൻ്റെത്. മഞ്ചേശ്വരം സ്വദേശിയായ ശേഖർ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.

മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുന്ന ശേഖർ രോഗം മൂർഛിച്ച് രണ്ടു ദിവസം മുൻപ് ആശുപത്രിയിലേക്ക് പുറപ്പെട്ടിരുന്നെങ്കിലും തലപ്പാടിയിൽ വെച്ച് കർണ്ണാടക പൊലീസ് യാത്ര തടസ്സപ്പെടുത്തി തിരിച്ചയച്ചു. ഗുരുതരാവസ്ഥയിലായ ശേഖർ ഇന്ന് രാവിലെയോടെെയാണ് മരണപ്പെട്ടത്. ഇന്നലെ സമാനമായ രൂപത്തിൽ മൂന്നു പേരാണ് അതിർത്തിൽ മരിച്ചത്.

തലപ്പാടി അതിർത്തി തുറക്കില്ലെന്ന് കർണാടക നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാവുകയാണ്. ആരോഗ്യരംഗത്ത് ജില്ല അനുഭവിക്കുന്ന പരിമിതികൾ കോവിഡ് കാലത്ത് വെല്ലുവിളിയായി നിൽക്കുന്നു.

തുമിനാട് സ്വദേശി മാധവ, കെസി റോഡിലെ ആയിഷ, ചെറുഗോളിയിലെ അബ്ദുൽ അസീസ് ഹാജി എന്നിവരാണ് ഇന്നലെ മരിച്ചത്. കഴിഞ്ഞ ദിവസം എഴുപതുകാരിയായ പാത്തുമ്മയെന്ന സ്ത്രീയും, രണ്ടു ദിവസം മുൻപ് തുമിനാട് സ്വദേശിയായ അബ്ദുൾ ഹമീദും മരണപ്പെട്ടിരുന്നു.

അതേ സമയം, കൊവിഡിന്റെ പശ്ചാത്തലത്തിൽ അടച്ച അതിർത്തിയിലെ രണ്ട് റോഡുകൾ തുറക്കുമെന്ന് കർണാടക അറിയിച്ചിരുന്നു. വയനാട്, കണ്ണൂർ അതിർത്തികളിലെ റോഡുകളായിരിക്കും തുറക്കുക. എന്നാൽ കാസർകോട് അതിർത്തികളിലെ റോഡ് തുറക്കില്ലെന്നും കർണാടക ഹൈക്കോടതിയിൽ അറിയിച്ചു.

Story Highlights: karnataka border one more death in kasargod

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top