തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാർ ഒരു മാസത്തെ ശമ്പളം നൽകണം; അഭ്യർത്ഥിച്ച് ബോർഡ് പ്രസിഡന്റ് എൻ.വാസു

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ഒരാഴ്ചയ്ക്കിടെ വരുമാനത്തിൽ 100 കോടിയുടെ നഷ്ടമാണുണ്ടായത്. ഇതേ തുടർന്ന് ഒരു മാസത്തെ ശമ്പളം സംഭാവനയായി നൽകണമെന്ന് ബോർഡ് ജീവനക്കാരോട് അഭ്യർത്ഥിച്ചു. ഇതോടൊപ്പം വിശ്വാസികളുടെ സഹായം തേടുമെന്നും ബോർഡ് പ്രസിഡന്റ് എൻ.വാസു 24 നോട് പറഞ്ഞു.
ലോക്ക് ഡൗണിനെ തുടർന്ന് ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശനം നിഷേധിച്ചതോടെ ചരിത്രത്തിലുണ്ടാകാത്ത പ്രതിസന്ധിയാണ് ബോർഡിനുണ്ടായതെന്ന് പ്രസിഡന്റ് എൻ.വാസു പറഞ്ഞു. ക്ഷേത്രങ്ങളിലെ കാണിക്കയും വഴിപാടുമായിരുന്നു ബോർഡിന്റെ വരുമാനം. ഇതു പൂർണമായും നിലച്ചു.
താത്ക്കാലിക പരിഹാരമെന്ന നിലയിൽ ജീവനക്കാരുടേയും വിശ്വാസികളുടേയും സഹായം തേടാൻ ബോർഡ് തീരുമാനിച്ചു. ദിവസവേതനക്കാർ ഒഴികെയുള്ള ബോർഡ് ജീവനക്കാർ ഒരു മാസത്തെ ശമ്പളം ബോർഡിനു സംഭാവന നൽകണമെന്ന് അഭ്യർത്ഥിക്കാൻ ബോർഡ് യോഗം തീരുമാനിച്ചു.
മാർച്ച് മാസത്തെ ശമ്പളം മുടങ്ങില്ലെങ്കിലും അടുത്ത മാസം മുതൽ ശമ്പളവിതരണം ബുദ്ധിമുട്ടിലാകും. ഇത് മറികടക്കാൻ ക്ഷേത്രങ്ങളിൽ ഭക്തർക്ക് വഴിപാട് നടത്താൻ അവസരം നൽകാനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്.
Story Highlights- thiruvithamkoor devaswom board, salary challenge,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here