കായംകുളത്ത് വൻ വ്യാജമദ്യ വേട്ട; നിർമ്മാണത്തിന് നേതൃത്വം നൽകിയ മുൻ എക്സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ

കായംകുളത്ത് വൻ വ്യാജമദ്യ വേട്ട. എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 500ലിറ്റർ വ്യാജ മദ്യവും ലേബലുകളും പിടികൂടി. ഒരു കുപ്പിക്ക് 1500 രൂപ നിരക്കിലായിരുന്നു വില്പന. നിർമ്മാണത്തിന് നേതൃത്വം നൽകിയ മുൻ എക്സൈസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു.
ഇന്ന് പുലർച്ചെയാണ് എക്സൈസ് സംഘം വ്യാജമദ്യം പിടികൂടിയത്. മുൻ എക്സൈസ് ഉദ്യോഗസ്ഥൻ ഹാരിസ് ജോൺ എന്ന കിഷോറിന്റെ നേതൃത്വത്തിലാണ് വ്യാജ മദ്യ നിർമാണം നടന്നിരുന്നത്. പുലർച്ചെ കൊല്ലത്ത് വെച്ച് 28 കുപ്പി വ്യാജ മദ്യവുമായി കൊല്ലം കാപ്പിൽ സ്വദേശി രാഹുലിനെ പിടികൂടിയിരുന്നു. ഇയാളിൽ നിന്നാണ് എക്‌സൈസിന് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ മദ്യ നിർമാണ കേന്ദ്രം കണ്ടെത്തിയത്. ഒരു മിനി വാൻ നിറയെ സാധനങ്ങൾ എക്സൈസ് വകുപ്പ് പിടിച്ചെടുത്തു.
തമിഴ്നാട്ടിൽ നിന്നുമാണ് സ്പിരിറ്റ് എത്തിച്ചിരുന്നതെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ ഐ. നൗഷാദ് പറഞ്ഞു. സ്വഭാവദൂഷ്യത്തിന് സസ്‌പെന്‍ഷന്‍ നടപടികള്‍ നേരിടേണ്ടി വന്ന ആളാണ് ഹാരിസ് ജോൺ എന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ ദിവസം കായംകുളത്ത് 200 ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. പുതുപ്പള്ളില്‍ എസ്എസ് നിവാസില്‍ സുനിലിന്റെ വീട്ടില്‍ നിന്നാണ് ചാരായം പിടിച്ചത്. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് റെയ്ഡ് നടത്തിയത്. സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കായകുളം സിഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.
ലോക്ക് ഡൗൺ സാഹചര്യത്തിൽ പരിശോധനകൾ കൂടുതൽ കർശനമാക്കാനാണ് എക്സൈസ് തീരുമാനം.
Story Highligjts: hooch production one arrested in kayamkulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here