രാജ്യം വൈറസ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിൽ; വരാനിരിക്കുന്ന ദിവസങ്ങൾ അതിനിർണായകമെന്ന് ആരോഗ്യ വിദഗ്ധൻ

രാജ്യം വൈറസ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലെന്ന് കൊവിഡ് 19 ഹോസ്പിറ്റൽസ് ടാസ്ക് ഫോഴ്സ് കൺവീനർ ഡോക്ടർ ഗിർധർ ഗ്യാനി. ഔദ്യോഗികമായി നമ്മൾ കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്ന് പറയുന്നില്ലെങ്കിലും അതാണ് വാസ്തവം. ഇനി വരാനിരിക്കുന്ന അഞ്ച് മുതൽ പത്തു വരെയുള്ള ദിവസങ്ങൾ അതി നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. ദി ക്വിന്റിന് നൽകിയ അഭിമുഖത്തിലാണ് ഗിർധർ ഗ്യാനി ഇക്കാര്യം വെളിപ്പെടുത്തിയത്.
മൂന്നാം ഘട്ടം എന്നത് വൈറസ് വ്യാപനത്തിന്റെ ഏറ്റവും അപകടകരമായ ഘട്ടമാണ്. സമൂഹ വ്യാപനം ശക്തമാകുന്ന ഭീതിപ്പെടുത്തുന്ന സാഹചര്യം. രോഗത്തിന്റെ ഉറവിടമോ, ആർക്കൊക്കെ രോഗം പടർന്നെന്നോ കണ്ടെത്താനാവാതെ ആരോഗ്യ പ്രവർത്തകരും സർക്കാരും നിസഹായരാവുന്ന അവസ്ഥ. രാജ്യത്ത് നിലവിൽ അത്തരമൊരു സാഹചര്യമാണെന്ന് എവിടെ നിന്നും സ്ഥിരീകരണമില്ലെങ്കിലും നാം അതിലേക്കാണ് നടന്നടുക്കുന്നതെന്ന് ഗിർധർ ഗ്യാനി മുന്നറിയിപ്പ് നൽകുന്നു. വരാനിരിക്കുന്ന 10 ദിവസങ്ങളാണ് സമൂഹ വ്യാപനം തടയാനുള്ള ഏറ്റവും സുപ്രധാന ദിനങ്ങൾ. ഇതുവരെ രോഗ ലക്ഷണങ്ങൾ കാണിക്കാത്തവർ അത് കാണിച്ചു തുടങ്ങുന്ന ദിവസങ്ങൾ. നാം അതീവ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
അസോസിയേഷൻ ഒാഫ് ഹെൽത്ത് കെയേഴ്സ് പ്രൊവൈഡേഴ്സിന്റെ സ്ഥാപകൻ കൂടിയാണ് ഗിർധർ ഗ്യാനി. കഴിഞ്ഞ മാർച്ച് 24ന് പ്രധാനമന്ത്രിയുമായി ആരോഗ്യ വിദഗ്ധർ നടത്തിയ വിഡിയോ കോൺഫറൻസിങ്ങിലും ഇദ്ദേഹം പങ്കെടുത്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here