സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവര്‍ക്ക് 28 ദിവസത്തെ ഐസൊലേഷന്‍ നിര്‍ബന്ധം: മുഖ്യമന്ത്രി

കൊവിഡ് പശ്ചാത്തലത്തില്‍ വിദേശത്ത് നിന്നോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ വന്നവര്‍ 28 ദിവസത്തെ ഐസൊലേഷന്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മാര്‍ച്ച് 5 മുതല്‍ 24 വരെ വിദേശരാജ്യങ്ങളില്‍ നിന്നോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും 28 ദിവസത്തെ ഐസൊലേഷനില്‍ കഴിയണം. അത്തരക്കാര്‍ ദിശാ നമ്പരിലേക്ക് വിളിക്കുകയും നിര്‍ദേശങ്ങള്‍ മനസിലാക്കുകയും ചെയ്യണം. അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവരുമായി ഇവര്‍ അടുത്തിടപഴകരുതെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ കൊവിഡ് ഹോട്ട്സ്പോട്ട് പട്ടികയിലേക്ക് കേരളത്തിലെ ഏഴ് ജില്ലകളെ കൂടി ഉള്‍പ്പെടുത്തി. കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം കോഴിക്കോട്, എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളെയാണ് ഹോട്ട് സ്പോട്ട് പട്ടികയിലേക്ക് ഉള്‍പ്പെടുത്തിയത്. കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
Read More : കൊവിഡ് ഹോട്ട് സ്പോട്ട് പട്ടികയിലേക്ക് സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ കൂടി
അതേസമയം, സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര് കാസര്‍ഗോഡ് സ്വദേശികളാണ്. അഞ്ച് പേര് ഇടുക്കി സ്വദേശികളും രണ്ട് പേര് കൊല്ലം സ്വദേശികളുമാണ്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു.
Read More: എന്‍സിസി, എന്‍എസ്എസ് വൊളന്റിയര്‍മാരെ ഉള്‍പ്പെടുത്തി സന്നദ്ധപ്രവര്‍ത്തനം വിപുലീകരിക്കും
286 പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 256 പേര് ഇപ്പോള്‍ ചികിത്സയിലുണ്ട്. ഒരുലക്ഷത്തിഅറുപത്തിഅയ്യായിരത്തി തൊള്ളായിരത്തി മുപ്പത്തിനാല് പേരാണ് നിരീക്ഷണത്തിലുള്ളത്. ഒരുലക്ഷത്തിഅറുപത്തി അയ്യായിരത്തി ഇരുനൂറ്റി തൊണ്ണൂറ്റൊന്ന് പേര് വീടുകളിലും 641 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 145 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 8456 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ഇതില്‍ 7622 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പിച്ചു.
ഇതുവരെ സംസ്ഥാനത്ത് രോഗബാധയുണ്ടായവരില്‍ 200 പേര് വിദേശത്ത് നിന്ന് വന്ന മലയാളികളാണ്. ഏഴ് പേര് വിദേശികളാണ്. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയത് വഴിയായി 76 പേര്‍ക്ക് വൈറസ് ബാധിച്ചു. ഇതുവരെ രോഗം നെഗറ്റീവ് ആയത് 28 പേര്‍ക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: Cm Pinarayi Vijayan, Covid 19, coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here