അതിർത്തി അടച്ച കർണാടക സർക്കാരിന്റെ നടപടി പരിശോധിക്കാൻ സുപ്രിംകോടതി

അതിർത്തി അടച്ച കർണാടക സർക്കാരിന്റെ നടപടി പരിശോധിക്കാൻ സുപ്രിംകോടതി തീരുമാനം. കാസർഗോഡ് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ സമർപ്പിച്ച ഹർജി കോടതി നാളെ പരിഗണിക്കും.
അതിർത്തികൾ തുറക്കാൻ ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടെങ്കിലും കേന്ദ്ര, കർണാടക സർക്കാരുകളുടെ ഭാഗത്ത് നിന്ന് ഇതുവരെ നടപടിയുണ്ടായില്ല. ഇതിനിടെയാണ്, തലപ്പാടി അടക്കം എല്ലാ അതിർത്തികളും തുറക്കാൻ കർണാടകത്തിന് നിർദേശം നൽകണമെന്ന രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ ഹർജി നാളെ പരിഗണിക്കാൻ സുപ്രിംകോടതി തീരുമാനിച്ചത്. ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് അഞ്ചാമത്തെ കേസായി പരിഗണിച്ച് വാദം കേൾക്കും. രാജ്‌മോഹൻ ഉണ്ണിത്താന്റെ അഭിഭാഷകനായ ഹാരിസ് ബീരാനെ ഇമെയ്‌ലിലൂടെ സുപ്രീംകോടതി ഇക്കാര്യമറിയിച്ചു.
അതിർത്തിയിൽ ആംബുലൻസുകൾ തടഞ്ഞതിനെ തുടർന്ന് രോഗികൾ മരിച്ച സാഹചര്യം ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അവശ്യ സർവീസുകളും ചരക്കുഗതാഗതവും അനുവദിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശം കർണാടകം ലംഘിച്ചെന്നും, അതിർത്തി അടച്ചത് ഫെഡറൽ സംവിധാനത്തിന് എതിരാണെന്നും ഹർജിയിൽ ആരോപിച്ചു. അതേസമയം, തലപ്പാടി അതിർത്തി തുറക്കുന്ന കാര്യത്തിൽ ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്ന് ജില്ലാഭരണകൂടവും പൊലീസും അറിയിച്ചു. മംഗലാപുരത്തെ ആശുപത്രിയിലേക്ക് പോകാൻ അതിർത്തിയിലെത്തിയ രോഗികളെ ഇന്നും കർണാടകം കടത്തിവിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here