Advertisement

ഇതരസംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്ന മലയാളി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്തണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

April 7, 2020
1 minute Read

ഇതരസംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്ന മലയാളി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മതിയായ ചികില്‍സയും സംരക്ഷണവും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്. മുംബൈയിലും ഡല്‍ഹിയിലും മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ് 19 സ്ഥീരികരിച്ച പശ്ചാത്തലത്തിലാണ് കത്തയച്ചിരിക്കുന്നത്. വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ സഹായിക്കാന്‍ എംബസികള്‍ക്കും ഹൈകമ്മീഷണര്‍മാര്‍ക്കും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവും പ്രധാനമന്ത്രിക്ക് കത്തയച്ചു.

കൊവിഡ് 19 ബാധിച്ച നഴ്‌സുമാരേയും രോഗലക്ഷണങ്ങളില്ലാത്ത നഴ്‌സുമാരേയും പ്രത്യേകം പാര്‍പ്പിക്കാന്‍ തയാറാകണമെന്നാണ് മുഖ്യമന്ത്രിയുടെ കത്തിലെ ആവശ്യം. രോഗം സ്ഥിരീകരിച്ച നഴ്‌സുമാരുടെ കുടുംബാംഗങ്ങളെ കൊവിഡ് ആശുപത്രികളില്‍ ക്വാറന്റീന്‍ ചെയ്യണം. മുംബൈയിലും ഡല്‍ഹിയിലും നിരവധി മലയാളി നഴ്‌സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ പലരും പരിഭ്രാന്തരായി വിളിക്കുന്നുണ്ട്. രോഗം തടയാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ ഇല്ലെന്നാണ് അവര്‍ അറിയിക്കുന്നത്. രാജ്യത്തിനകത്തും പുറത്തും സ്തുത്യര്‍ഹമായ സേവനമാണ് മലയാളി നഴ്‌സുമാര്‍ നടത്തുന്നതെന്നും പ്രതിസന്ധി ഘട്ടത്തില്‍ രാജ്യം ഇവര്‍ക്കൊപ്പം നില്‍ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രവാസി മലയാളികള്‍ക്കായാണ് പ്രതിപക്ഷനേതാവ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

മലയാളി ജീവനക്കാരുടെ സംരക്ഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പുറമെ, മഹാരാഷ്ട്ര, ഡല്‍ഹി മുഖ്യമന്ത്രിമാര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിട്ടുണ്ട്.

അതേ സമയം, മുംബൈയിലെ വോക്ക്ഹാർഡ് ആശുപത്രിയിൽ രോഗബാധിതരായ നഴ്‌സുമാരുടെ സമ്പർക്കപ്പട്ടികയിൽ ഉള്ളവർക്ക് ഇന്നും ഡ്യൂട്ടി നൽകി. ആശുപത്രിയിൽ ഇപ്പോഴും കൊവിഡ് വാർഡ് പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ട്. ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടും കെട്ടിടം പൂർണമായും അണുവിമുക്തമാക്കാത്തതിൽ മറ്റ് ജീവനക്കാർക്കിടയിൽ ആശങ്കയുണ്ട്. ഡോക്ടർമാരും നഴ്‌സുമാരുമടങ്ങുന്ന 54 ഓളം ആശുപത്രി ജീവനക്കാർക്കാണ് നിലവിൽ ഇവിടെ രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Story Highlights: CM Pinarayi vijayan letter to pm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top