Advertisement

മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്ര ജീവനക്കാർക്കും അടിയന്തര ആശ്വാസ ധനസഹായം നൽകാൻ തീരുമാനം

April 7, 2020
2 minutes Read

മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്ര ജീവനക്കാർക്കും ബോർഡ് മുഖേന ധനസഹായം കൈപ്പറ്റി വരുന്ന ഉത്തര മലബാറിലെ കാവുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്തു വരുന്ന ആചാരസ്ഥാനികർ, കോലധാരികൾ, അന്തിത്തിരിയൻ എന്നീ വിഭാഗത്തിൽപ്പെട്ടവർക്കും അടിയന്തര ആശ്വാസ ധനസഹായം നൽകാൻ തീരുമാനം. സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മലബാറിലെ ക്ഷേത്ര ജീവനക്കാരുടെയും മറ്റും സാമ്പത്തിക പ്രയാസങ്ങൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണിത്.

ഇതിനായി ബോർഡിന്റെ തനത് ഫണ്ടിൽ നിന്നും 5 കോടി രൂപ ഈ ഇനത്തിൽ ചെലവഴിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി.

മാനേജ്‌മെന്റ് ഫണ്ടിൽ നിന്നും ശമ്പളത്തിന് അർഹതയുള്ള ക്ഷേത്രജീവനക്കാർക്ക് 10,000 രൂപ വീതമാണ് അടിയന്തിര ധനസഹായം അനുവദിക്കുക. ഇതിനായി കാസർഗോഡ് ഡിവിഷന് 90 ലക്ഷം രൂപയും തലശേരി ഡിവിഷന് 80 ലക്ഷം രൂപയും കോഴിക്കോട്, മലപ്പുറം, പാലക്കാട് ഡിവിഷനുകൾക്ക് 50 ലക്ഷം രൂപ വീതവുമായുമാണ് അനുവദിക്കുക. ആകെ 3 കോടി 20 ലക്ഷം രൂപ ഇതിനായി വിനിയോഗിക്കും.

ഇത് കൂടാതെ ബോർഡിനു കീഴിലെ ബി,സി,ഡി ഗ്രേഡ് ക്ഷേത്രങ്ങളിലെ ക്ഷേമനിധിയിൽ അംഗത്വമുള്ള മുഴുവൻ ജീവനക്കാർക്കും, ക്ഷേത്ര ഫണ്ടിന്റെ അപര്യാപ്തത മൂലം അതത് ക്ഷേത്രങ്ങളിൽ നിന്ന് ശമ്പളം ലഭിക്കാത്ത എ ഗ്രേഡ് ക്ഷേത്ര ജീവനക്കാർ ഉണ്ടെങ്കിൽ അവർക്കും മലബാർ ദേവസ്വം ബോർഡിന്റെ തനത് ഫണ്ടിൽ നിന്നും പ്രത്യേക ആശ്വാസ ധനസഹായമായി ‘മലബാർ ക്ഷേത്ര ജീവനക്കാരുടെ ക്ഷേമനിധി’ മുഖേന 2500 രൂപ വീതം അനുവദിക്കും. മാനേജ്‌മെന്റ് ഫണ്ടിൽ നിന്നും ധനസഹായം ലഭിക്കുന്ന ക്ഷേത്രജീവനക്കാർക്കും ഈ തുക ലഭ്യമാക്കും. 4000 അംഗങ്ങൾക്കായി ഒരു കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.

ജീവനക്കാർ കൂടാതെ മലബാർ ദേവസ്വം ബോർഡിൽ നിന്നും ധനസഹായം കൈപ്പറ്റി വരുന്ന ഉത്തര മലബാറിലെ കാവുകളുമായി ബന്ധപെട്ട ആചാരസ്ഥാനികർ, കോലധാരികൾ, അന്തിത്തിരിയൻ വിഭാഗത്തിൽപ്പെട്ടവർക്ക് മൂന്ന് മാസത്തേക്കുള്ള ഒറ്റത്തവണ അടിയന്തിര ധനസഹായമായി 3600 രൂപ വീതം ബോർഡിന്റെ തനത് ഫണ്ടിൽ നിന്നും നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. ഈ ഇനത്തിൽ 2208 പേർക്കായി 79.48 ലക്ഷം രൂപ വിനിയോഗിക്കും.

Story highlight: Emergency Relief Fund, to be given to the Malabar Devaswom Board, employes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top