ലോക്ക് ഡൗൺ കാലത്തെ ഡ്രോൺ കാഴ്ചകൾ; കേരള പൊലീസിന്റെ വീഡിയോ വൈറൽ

രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് പൊലീസുകാർക്കുണ്ടാക്കിയ തലവേദന ചില്ലറയല്ല. നിയമലംഘകരെ കുടുക്കാൻ പലവിധ വഴികളാണ് പൊലീസ് സ്വീകരിക്കുന്നത്. ഇതിനിടെ ആളുകൾ കൂട്ടം കൂടി നിൽക്കുന്നുണ്ടോ എന്നറിയാൻ ഡ്രോണുകളും രംഗത്തിറക്കി. അങ്ങനെ കേരള പൊലീസ് ഡ്രോൺ പറത്തിയപ്പോൾ ലഭിച്ച ചില രസകരമായ കാഴ്ചകളടങ്ങുന്ന വീഡിയോ കേരള പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുകയാണ്.
രവി ശാസ്ത്രിയും സുനിൽ ഗവാസ്കറും അടങ്ങുന്ന താരങ്ങളുടെ കമൻ്ററിയോടൊപ്പമാണ് വീഡിയോ. ഡ്രോൺ തലക്കു മുകളിൽ പൊങ്ങുമ്പോൾ ആളുകൾ ഓടി രക്ഷപ്പെടുകയാണ്. പറമ്പിൽ പന്ത് കളിക്കുന്ന കുട്ടികളും പാടത്തൂടെ വെറുതേ നടക്കുന്നവരും കടപ്പുറത്ത് കാറ്റു കൊള്ളാൻ ഇരിക്കുന്നവരും ഓടെടാ ഓട്ടം. കണ്ടം വഴി ഓടൽ എന്ന പ്രയോഗത്തെ അന്വർത്ഥമാക്കി തലയിലൂടെ മുണ്ടിട്ട് ആ കലാപരിപാടി നടത്തുന്നവരെയും വീഡിയോയിൽ കാണാം. സംഭവം എന്തായാലും വൈറലായിക്കഴിഞ്ഞു.
അതേ സമയം, സംസ്ഥാനത്ത് ഇന്നലെ 13 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഒന്‍പത് പേര്‍ കാസര്‍ഗോഡ് സ്വദേശികളാണ്. രണ്ടുപേര്‍ മലപ്പുറം സ്വദേശികളും. കൊല്ലം പത്തനംതിട്ട സ്വദേശികളായ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. 3 പേർക്ക് ഇന്നലെ രോഗം ഭേദമായി.
കാസര്‍ഗോഡ് രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ വിദേശത്ത് നിന്ന് വന്നതാണ്. മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊല്ലത്തും മലപ്പുറത്തും ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ നിസാമുദീന്‍ സമ്മേളത്തില്‍ പങ്കെടുത്തവരാണ്. പത്തനംതിട്ട സ്വദേശിക്ക് വിദേശത്ത് നിന്നാണ് രോഗം ബാധിച്ചത്.
സംസ്ഥാനത്ത് ഇതുവരെ 327 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 266 പേര്‍ ചികിത്സയിലാണ്. ആകെ നിരീക്ഷണത്തിലുള്ളത് ഒരുലക്ഷത്തി അന്‍പത്തി രണ്ടായിരത്തി എണ്ണൂറ്റി നാലുപേരാണ്. ഒരുലക്ഷത്തി അന്‍പത്തിരണ്ടായിരത്തി ഒന്‍പത് പേര്‍ വീടുകളിലും 795 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
Story Highlights: kerala police fb viral video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here