പത്തനംതിട്ടയിൽ കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേരും രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചില്ല; ആശങ്കയൊഴിയാതെ ജില്ല; പരിശോധന കർശനമാക്കി

പത്തനംതിട്ടയിൽ കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ച രണ്ട് പേർക്കും ലക്ഷണങ്ങൾ പ്രകടിപ്പിക്കാതിരുന്നത് ജില്ലയെ ആശങ്കയിലാക്കുന്നു. ഡൽഹി, ദുബായ് എന്നിവിടങ്ങളിൽ നിന്ന് എത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ ജില്ലയിലെ പരിശോധന കർശനമാക്കി.
കൊവിഡ് 19 രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവർക്കും രോഗം സ്ഥിരീകരിക്കുന്നതാണ് പത്തനംതിട്ട ജില്ലയെ കൂടുതൽ ആശങ്കയിലാക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ രോഗം കണ്ടെത്തിയ രണ്ട് പേരും വീടുകളിൽ നിരീക്ഷണത്തിലായിരുന്നു. കൃത്യമായ നിരീക്ഷണ കാലവധി കഴിഞ്ഞ ശേഷമാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയവർ 28 ദിവസം നിരീക്ഷണത്തിൽ കഴിയാനാണ് നിർദേശം. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവർ ഇനിയും ജില്ലയിൽ ഉണ്ടാകാം എന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ
രോഗം സ്ഥിരീകരിച്ച പന്തളം സ്വദേശിയായ പെൺകുട്ടിയുടെ കോണ്ടാക്ട് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. 19 പ്രൈമറി കോണ്ടാക്ടുകളേയും ആറ് സെക്കണ്ടറി കോണ്ടാക്ടുകളെയും കണ്ടെത്തിയിട്ടുണ്ട്. നിലവിൽ 15 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 7700 പേർ വീടുകളിലും നിരീക്ഷണത്തിലാണ്.
Story Highlights- coronavirus, pathanamthitta,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here