കൊവിഡ് 19: ലോകസൗഖ്യത്തിനായി ഗാനം ആലപിച്ച് മലയാളി ഗായകർ; വീഡിയോ വൈറൽ

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലോകസൗഖ്യത്തിനായി ഗാനം ആലപിച്ച് മലയാളി ഗായകർ. ഗായികമാരായ കെഎസ് ചിത്ര, സുജാത മോഹൻ, ശ്വേത മോഹൻ, ഗായകരായ അഫ്സൽ, വിധു പ്രതാപ് തുടങ്ങി 23 ഗായകർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രയാണ് ഗാനം പുറത്തിറക്കിയത്.
1972ൽ പുറത്തിറങ്ങിയ ‘സ്നേഹദീപമേ മിഴിതുറക്കൂ’ എന്ന ചിത്രത്തിലെ പി ഭാസ്കരൻ എഴുതി പുകഴേന്തിയുടെ സംഗീതത്തിൽ എസ് ജാനകി പാടിയ ‘ലോകം മുഴുവന്‍ സുഖം പകരാനായ് സ്നേഹ ദീപമേ മിഴി തുറക്കു…’ എന്ന ഗാനമാണ് ഗായകർ പാടിയിരിക്കുന്നത്. പല സ്ഥലങ്ങളിൽ പല സമയത്തായി റെക്കോർഡ് ചെയ്ത ഗാനഭാഗങ്ങൾ ഒന്നിച്ച് ക്രോഡീകരിച്ചാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.
‘ഞങ്ങൾ കുറച്ചു പാട്ടുകാർ ഒന്നിച്ചു ചേർന്ന് ഒരു പാട്ടിന്റെ വരികൾ അവരവരുടെ വീടുകളിലിരുന്ന് നിങ്ങൾക്കു വേണ്ടി പാടുകയാണ്. ലോകത്തിൽ ശാന്തിയും സമാധാനവും നിലനിൽക്കാനും കോവിഡ് ബാധ ഒഴിയാനുമുള്ള ഒരു പ്രാർഥനയായിട്ടു ഈ പാട്ട് ഞങ്ങൾ സമർപ്പിക്കുന്നു’- വീഡിയോക്ക് മുന്നോടിയായി കെ എസ് ചിത്ര പറയുന്നു. സുജാത മോഹനിലൂടെ ആരംഭിക്കുന്ന ഗാനം സച്ചിൻ വാര്യരാണ് അവസാനിപ്പിക്കുന്നത്. കാവാലം ശ്രീകുമാര്‍, ശരത്, ശ്രീറാം, റിമി ടോമി, ജ്യോത്സ്ന, ദേവാനന്ദ്, രഞ്ജിനി, രാജലക്ഷ്മി തുടങ്ങി നിരവധി ഗായകർ ഇതിൽ പങ്കെടുക്കുന്നു.
കഴിഞ്ഞ ദിവസം, ഇന്ത്യൻ സിനിമയിലെ വമ്പൻ താരങ്ങളൊക്കെ അണിനിരന്ന ഹ്രസ്വചിത്രം തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ സോണി പിക്ചേഴ്സ് തന്നെയാണ് റിലീസ് ചെയ്തിരുന്നു. ഫാമിലി എന്നാണ് ഈ ഷോർട്ട് ഫിലിമിൻ്റെ പേര്. അമിതാഭ് ബച്ചൻ, രജനികാന്ത്, മമ്മൂട്ടി, മോഹൻലാൽ, ചിരഞ്ജീവി, പ്രിയങ്ക ചോപ്ര, രൺബീർ കപൂർ, ആലിയ ഭട്ട്, ശിവ രാജ്കുമാർ, സൊനാലി കുൽക്കർണി തുടങ്ങി 13 പേർ വേഷമിട്ട ഈ ഹ്രസ്വചിത്രം ആരാധകർ ഏറ്റെടുത്തിരുന്നു.
Story Highlights: Kerala singers song
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here