Advertisement

കേരളം വിടുന്നില്ല; പ്രചരിക്കുന്നത് വ്യാജവാർത്തയെന്ന് സന്ദീപ് വാര്യർ

April 8, 2020
2 minutes Read

അടുത്ത സീസണിൽ കേരളം വിട്ട് തമിഴ്നാടിനു വേണ്ടി കളിക്കുമെന്ന റിപ്പോർട്ടുകൾ തള്ളി പേസർ സന്ദീപ് വാര്യർ. ടീമിൽ കളിക്കണം എന്നാവശ്യപ്പെട്ട് തമിഴ്നാട് ക്രിക്കറ്റ് തന്നെ സമീപിച്ചിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും സന്ദീപ് പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമാണ് സന്ദീപ് കേരളം വിടുമെന്ന റിപ്പോർട്ട് നൽകിയത്.

“അതൊക്കെ ഊഹാപോഹങ്ങളാണ്. ഇന്ത്യ സിമൻ്റ്സിൽ ജോലിയുള്ള ഞാൻ ഭാര്യയുമായി ചെന്നൈയിലാണ്. വാർത്ത ഞാൻ വായിച്ചിരുന്നു. തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ വിഷയത്തിൽ എന്നെ സമീപിച്ചിട്ടില്ല. അതേപ്പറ്റി അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.”- സന്ദീപ് പറഞ്ഞു. കൊറോണ ആയതിനാൽ പുറത്തിറങ്ങുന്നില്ലെന്നും വീട്ടിൽ തന്നെ നിൽക്കുകയാണെന്നും സന്ദീപ് ട്വൻ്റിഫോർ വെബിനോട് പറഞ്ഞു.

കഴിഞ്ഞ ഏതാനും സീസണുകളിലായി കേരളത്തിനു വേണ്ടി മികച്ച പ്രകടനമാണ് സന്ദീപ് വാര്യർ നടത്തുന്നത്. കഴിഞ്ഞ ഐപിഎൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടിയും സന്ദീപ് മികച്ച രീതിയിൽ പന്തെറിഞ്ഞിരുന്നു. ഇപ്പോൾ ഇന്ത്യ എ ടീമിലെ സ്ഥിരസാന്നിധ്യമാണ് സന്ദീപ്.

അതേ സമയം, കഴിഞ്ഞ രഞ്ജി സീസണിൽ കേരളത്തെ തരം താഴ്ത്തിയിരുന്നു. ഗ്രൂപ്പ് സിയിലേക്കാണ് കേരളത്തെ തരം താഴ്ത്തിയത്. എലൈറ്റ് ഗ്രൂപ്പ് എ, ബിയിൽ 17ആം സ്ഥാനത്ത് ഫിനിഷ് ചെയ്തതാണ് കേരളത്തിനു തിരിച്ചടിയായത്. ഇതേത്തുടർന്ന് പരിശീലകൻ ഡേവ് വാട്ട്മോർ സ്ഥാനമൊഴിഞ്ഞിരുന്നു.

2017-18 സീസണിൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച കേരളം 18-19 സീസണിൽ സെമി കളിച്ചിരുന്നു. രണ്ട് തവണയും വിദർഭയാണ് കേരളത്തെ തോല്പിച്ചത്. ഡേവ് വാട്ട്മോർ പരിശീലകനായതിനു ശേഷം കേരള ടീമിൻ്റെ ഏറ്റവും ദയനീയ പ്രകടനമായിരുന്നു ഇത്. കളിക്കാരുടെ പരുക്കും ബാറ്റിംഗ് വിഭാഗത്തിൻ്റെ മോശം പ്രകടനങ്ങളുമാണ് കേരളത്തിനു തിരിച്ചടി ആയത്. ഇന്ത്യ എ ടീമിലും ദേശീയ ടീമിലും കളിച്ച സഞ്ജു സാംസണിൻ്റെയും എ ടീമിൽ കളിച്ച സന്ദീപ് വാര്യരുടെയും അഭാവവും കേരളത്തിൻ്റെ പ്രകടനങ്ങളെ ബാധിച്ചു.

Story Highlights: Sandeep Warrier denies report of switch to Tamil Nadu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top