വലിയ ആശുപത്രികളിൽ ചികിത്സ തേടുന്നത് ആധുനിക സൗകര്യം പ്രയോജനപ്പെടുത്താൻ; നിലപാടിൽ മാറ്റമില്ലെന്ന് ശ്രീനിവാസൻ

അലോപ്പതിയെപ്പറ്റിയുള്ള തൻ്റെ അവകാശ വാദങ്ങളിൽ ഉറച്ചു നിൽക്കുന്നു എന്ന് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ. താൻ വലിയ ആശുപത്രികളിൽ ചികിത്സ തേടുന്നത് ആധുനിക സൗകര്യം പ്രയോജനപ്പെടുത്താനാണെന്നും നിലപാടിൽ മാറ്റമില്ലെന്ന് ശ്രീനിവാസൻ പറഞ്ഞു എന്ന് മാധ്യമം ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം മാധ്യമം ദിനപത്രത്തിൽ എഴുതിയ ലേഖനത്തിനെതിരെ ഡോക്ടർമാർ അടക്കം രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്നാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
‘കൊവിഡിന് വിറ്റാമിൻ സി പ്രതിവിധിയാണെന്ന ഒരു ഡോക്ടറുടെ നിരീക്ഷണം ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. അതിന്റെ നിജസ്ഥിതി അറിയില്ല. അതേസമയം ആധുനിക വൈദ്യശാസ്ത്രമെന്ന് അവകാശപ്പെടുന്ന അലോപ്പതിയിൽ വൃക്ക, കരൾ, ഹൃദയരോഗങ്ങൾക്കും പ്രമേഹം, ആസ്ത്മ തുടങ്ങിയവക്കും ശാശ്വത പരിഹാരമില്ല എന്നാണ് നിലപാട്. കീറിമുറിച്ച് മറ്റുള്ളവരുടെ കരളോ ഹൃദയമോ വൃക്കയോ എടുത്തുവെച്ച് ജീവിതകാലം മുഴുവൻ മരുന്ന് നൽകും. ഇതിൽ പാർശ്വഫലങ്ങൾ ഇല്ലാത്തവ കുറവാണ്. ചില രോഗങ്ങൾക്ക് ചില മരുന്നുകൾ ഫലം ചെയ്യുന്നുണ്ടെന്നത് നിഷേധിക്കുന്നില്ല. അലോപ്പതി ഡോക്ടറായിരുന്ന സാമുവൽ ഹാനിമാൻ മരുന്നുകളുടെ പാർശ്വഫലങ്ങളിൽ മനം മടുത്താണ് ഹോമിയോപ്പതി കണ്ടുപിടിച്ചത്. താൻ വലിയ ആശുപത്രികളിൽ ചികിത്സ തേടുന്നത് ആധുനിക സൗകര്യം പ്രയോജനപ്പെടുത്താനാണ്. അത് ഇനിയും പോകും. മരുന്നുകൾ കടലിൽ വലിച്ചെറിയണമെന്നതിലും മാറ്റമില്ല.’- ശ്രീനിവാസൻ പറഞ്ഞതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം, വിറ്റാമിൻ സി കൊവിഡിന് പ്രതിവിധിയാണെന്ന് കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ പറഞ്ഞെന്നായിരുന്നു തൻ്റെ ലേഖനത്തിൽ ശ്രീനിവാസൻ പറഞ്ഞത്. കൂടാതെ വിറ്റാമിൻ സി ശരീരത്തിലെ ജലാംശം ആൽക്കലൈൻ ആക്കി മാറ്റുമെന്നും അപ്പോൾ ഒരു വൈറസിനും നിലനിൽക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.
Story Highlights: Srinivasan says stance has not changed about allopathic
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here