പട്ടാള ജീപ്പിനെ പിന്തുടർന്ന് ഉപേക്ഷിക്കപ്പെട്ട നായകൾ; ദത്തെടുത്ത് സൈനികർ

പട്ടാള ജീപ്പിനെ പിന്തുടർന്ന് ഉപേക്ഷിക്കപ്പെട്ട നായകളെ ദത്തെടുത്ത് സൈനികർ. ബൊളീവിയയിലെ ടുപിസ എന്ന സ്ഥലത്താണ് സംഭവം. പട്ടാള ജീപ്പിനെ റോഡിലൂടെ പിന്തുടരുന്ന രണ്ട് നായകളുടെയും അവയെ ജീപ്പിലേക്ക് കയറ്റുന്ന പട്ടാളക്കാരുടെയും ചിത്രങ്ങൾ ഒരു ഫേസ്ബുക്ക് യൂസറാണ് പങ്കുവച്ചത്. തുടർന്ന് ഇവ വൈറലാവുകയായിരുന്നു.
ലോകവ്യാപകമായി കൊവിഡ് 19 പടരുന്നതിൻ്റെ പശ്ചാത്തലത്തിൽ പല രാജ്യങ്ങളും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതേ തുടർന്ന് തെരുവു നായകൾക്ക് ഭക്ഷണം ലഭിക്കാതായി. ഒപ്പം, വളർത്തുമൃഗങ്ങളിലൂടെ അസുഖം പകരുമെന്ന തെറ്റിദ്ധാരണ മൂലവും ആളുകൾ ഇവയെ ഉപേക്ഷിക്കുന്നുണ്ട്.
ബൊളീവിയയിൽ 264 പോസിറ്റീവ് കേസുകളും 18 മരണങ്ങളുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേ സമയം, ലോകത്ത് കൊവിഡ് മരണം 88,000 കടന്നു. രോഗബാധിതരുടെ എണ്ണം 15 ലക്ഷം പിന്നിട്ടു. 3,29,684 പേർക്ക് രോഗം ഭേദമായി.
ഏറ്റവും കൂടുതൽ രോഗികളുള്ളത് അമേരിക്കയിലാണ്. നാല് ലക്ഷത്തി ഇരുപത്തിയേഴായിരത്തി മുന്നൂറ്റി നാൽപ്പത്താറ് പേരാണ് ഇവിടെ രോഗബാധയേറ്റ് നിരീക്ഷണത്തിൽ കഴിയുന്നത്. മരണനിരക്കിലും അമേരിക്ക തന്നെയാണ് മുന്നിൽ. 24 മണിക്കൂറിനിടെ മാത്രം 1837 പേർ മരിച്ചു. മരിച്ചവരിൽ മൂന്നു മലയാളികളും ഉൾപ്പെടുന്നു.
യൂറോപ്യൻ രാജ്യങ്ങളിൽ മാത്രം അറുപതിനായിരത്തിലേറെ പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. ബ്രിട്ടണിൽ 24 മണിക്കൂറിനിടെ 938 പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 7097 ആയി. ഇറ്റലിയിൽ കൊവിഡ് മരണം 17,669 ആയി. 24 മണിക്കൂറിനടെ 542 പേരാണ് മരിച്ചത്. 1,39,422 പേർക്കാണ് ഇറ്റലിയിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം, രോഗം ആദ്യം റിപ്പോർട്ട് ചെയ്ത് ചൈനയിലെ വുഹാനിൽ 73 ദിവസത്തിന് ശേഷം ലോക്ക്ഡൗൺ പൂർണമായും നീക്കി.
Story Highlights: Abandoned dogs chase military cars and end up being adopted
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here