കാസർഗോഡ് അതിർത്തിയിൽ വീണ്ടും ചികിത്സ കിട്ടാതെ ഒരാൾ മരിച്ചു

കാസർഗോഡ് അതിർത്തിയിൽ വീണ്ടും ചികിത്സ കിട്ടാതെ ഒരാൾ മരിച്ചു. ഉപ്പള സ്വദേശി അബ്ദുൾ സലീമാണ് മരിച്ചത്. കാസർഗോഡ് വിദഗ്ധ ചികിത്സ കിട്ടാതെ മരിച്ച പത്താമത്തെയാളാണ് അബ്ദുൽ സലീം. കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് ആദ്യം തലപ്പാടി അതിർത്തി അടച്ച കർണാടക പിന്നീട് അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെ തലപ്പാടി വഴി കർണാടകയിലേയ്ക്ക് കടത്തി വിടാൻ സമ്മതിച്ചിരുന്നു.
ഉപ്പള സ്വദേശി അബ്ദുൾ സലിം. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുൻപ് മുഗളുരുവിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും നിയന്ത്രണങ്ങൾ കാരണം കർണാടക പൊലീസ് തിരിച്ചയച്ചു. രോഗം മൂർച്ഛിച്ച് ഇന്നലെ രാത്രിയോടെ വീട്ടിൽ വച്ചാണ് അബ്ദുൾ സലീം മരണമടഞ്ഞത്.
ജില്ലയിലെ ആശുപത്രികളിൽ ചികിത്സ തേടണമെന്നും ജില്ലയിൽ ചികിത്സയില്ലാത്തവർ മാത്രമേ മംഗളുരുവിലേക്ക് പോകേണ്ടതുള്ളുവെന്നും നേരത്തെ ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. എന്നാൽ അതിർത്തി മേഖലയിലുള്ളവർ പൂർണമായും ആശ്രയിക്കുന്നത് മംഗളുരുവിനെയാണ്. കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ആരോഗ്യ സംവിധാനങ്ങളിലും പരിമിതി നേരിടുന്നുണ്ട്.
അതേസമയം, മംഗളുരുവിൽ ചികിത്സയ്ക്കു പോകുന്ന രോഗികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാൻ തലപ്പാടി ചെക്ക്പോസ്റ്റിന് സമീപത്തുള്ള സംവിധാനത്തിന് പുറമേ മഞ്ചേശ്വരം സാമൂഹികാരോഗ്യ കേന്ദ്രത്തിലും ജില്ലാ ഭരണകൂടം സൗകര്യമേർപ്പെടുത്തി. നാല് ഡോക്ടർമാർ വിവിധ സമയങ്ങളിലായി 24 മണിക്കൂറും ഡ്യൂട്ടിയിലുണ്ടാവും. കൊവിഡ് രോഗലക്ഷണങ്ങളില്ലെന്ന സർട്ടിഫിക്കറ്റാണ് മെഡിക്കൽ ഓഫീസർ രോഗികളെ പരിശോധിച്ച് നൽകുന്നത്. എന്നാൽ കേരളത്തിൽ നിന്നു വരുന്ന അത്യാസന്ന നിലയിലുള്ള രോഗികളെയെല്ലാം ഒരേ സ്വകാര്യ ആശുപത്രിയിൽ മാത്രം പ്രവേശിപ്പിക്കുമെന്നതാണ് കർണാടകയുടെ നിലപാട്.
Story Highlights: one more death in kasargod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here