രാമായണം സീരിയലില്‍ സുഗ്രീവനെ അവതരിപ്പിച്ച ശ്യാം സുന്ദര്‍ കലാനി അന്തരിച്ചു

ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത പുരാണ പരമ്പര രാമായണത്തില്‍ സുഗ്രീവനെ അവതരിപ്പിച്ച ശ്യാം സുന്ദര്‍ കലാനി അന്തരിച്ചു. അര്‍ബുദ രോഗബാധിതനായി ഏറെ നാള്‍ ചികിത്സയിലായിരുന്നു. 1987-88 കാലങ്ങളില്‍ സംപ്രേക്ഷണം ചെയ്ത രാമനന്ദ് സാഗറിന്റെ രാമായണം ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ദൂരദര്‍ശനില്‍ പുനഃസംപ്രേക്ഷണം ആരംഭിച്ചിരിക്കുന്ന അവസരത്തില്‍ തന്നെയാണ് ശ്യാം സുന്ദര്‍ വിട പറയുന്നതും.
രാമായണത്തിലൂടെയാണ് ശ്യാം സുന്ദര്‍ അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തെ തന്നെ മാറ്റിമറിച്ച പരമ്പരയിലെ സുപ്രധാന വേഷങ്ങളില്‍ ഒന്നായിരുന്നു ശ്യാം സുന്ദറിന് ലഭിച്ചതെങ്കിലും അഭിനയ രംഗത്ത് സജീവമാകാന്‍ തക്ക അവസരങ്ങള്‍ പിന്നീട് അദ്ദേഹത്തെ തേടിയെത്തിയില്ല. ഹീര്‍ രഞ്ജ, ത്രിമൂര്‍ത്തി. ചൈല ബാബു തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചെങ്കിലും അധികമൊന്നും അദ്ദേഹത്തിന്റെ കരിയര്‍ മുന്നോട്ടു പോയില്ല.
രാമായണം പരമ്പരയില്‍ രാമന്റെ വേഷം ചെയ്ത അരുണ്‍ ഗോവലും ലക്ഷ്മണനായി വേഷമിട്ട സുനില്‍ ലഹ്രിയും ശ്യാംസുന്ദറിന്റെ നിര്യാണത്തില്‍ ദുഃഖം പ്രകടിപ്പിച്ചു. വളരെ നല്ലൊരു മനുഷ്യനും മികച്ച വ്യക്തിത്വത്തിന് ഉടമയുമായിരുന്നു ശ്യാം സുന്ദര്‍ എന്നാണ് അരുണ്‍ ഗോയല്‍ അനുസ്മരിച്ചത്. ശ്യാം സുന്ദറിന്റെ വിയോഗം ഏറെ ദുഃഖത്തോടെയാണ് കേട്ടതെന്നും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും അദ്ദേഹത്തിന്റെ വിയോഗമുണ്ടാക്കിയ നഷ്ടത്തില്‍ നിന്നും കരകയറാന്‍ കുടുംബത്തിന് ശക്തിയുണ്ടാകട്ടേയെന്നും സുനില്‍ ലഹ്രി കുറിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here