കൊവിഡ് 19: ഐപിഎൽ ഉപേക്ഷിച്ചാൽ നഷ്ടം 3869.5 കോടി രൂപ

കൊവിഡ് 19 വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ഈ സീസൺ റദ്ദാക്കിയാൽ 3869.5 കോടി രൂപയുടെ നഷ്ടം സംഭവിക്കുമെന്ന് റിപ്പോർട്ട്. ബിസിനസ് ടുഡേ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരം. ബിസിഐക്കും ഐപിഎല്ലിൻ്റെ ഇന്ത്യയിലെ ടിവി സംപ്രേഷണാവകാശമുള്ള സ്റ്റാർ സ്പോർട്സിനും കനത്ത നഷ്ടം സംഭവിക്കും.
3869.5 കോടിയുടെ നഷ്ടത്തിൽ 3269.5 കോടി രൂപ സംപ്രേക്ഷണ ആദായം, 200 കോടി രൂപ സെൻട്രൽ സ്പോൺസർഷിപ്പും, 400 കോടി രൂപ ടൈറ്റിൽ സ്പോൺസർഷിപ്പ് ഇനത്തിലുമാണ്. ഇതിനു പുറമെ മറ്റ് ചില സ്പോൺസർഷിപ്പ് വരുമാനങ്ങളും ബിസിസിഐക്ക് നഷ്ടമാവും. സ്റ്റാർ സ്പോർട്സിന് പരസ്യ വരുമാനവും പ്രേക്ഷക വരുമാനവും നഷ്ടമാവും.
മാർച്ച് 29ന് ആരംഭിക്കേണ്ട ഐപിഎൽ ഈ മാസം 15 ലേക്ക് നീട്ടിവച്ചിരുന്നു. എന്നാൽ കൊവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ നീട്ടാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്രം അറിയിച്ചതോടെ ഈ തിയതിൽ ഐപിഎൽ നടക്കില്ല.
അതേ സമയം, ഐപിഎൽ ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിൽ നടന്നേക്കുമെന്ന് ബിസിസിഐ പ്രതിനിധി അറിയിച്ചെന്ന് റിപ്പോർട്ടുകളുണ്ട്. ഒക്ടോബറിൽ നടക്കാനിരുന്ന ടി-20 ലോകകപ്പ് മാറ്റിവച്ചാൽ ആ മാസങ്ങളിൽ ഏറെ രാജ്യാന്തര മത്സരങ്ങൾ ഉണ്ടാവില്ല. അങ്ങനെയെങ്കിൽ ആ മാസങ്ങളിൽ ഐപിഎൽ നടത്താൻ സാധിച്ചേക്കും. ഓസ്ട്രേലിയയിൽ 6 മാസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതു കൊണ്ട് തന്നെ ലോകകപ്പ് നടക്കാനുള്ള സാധ്യത വളരെ വിരളമാണ്. അത് ഉപയോഗപ്പെടുത്തി ഐപിഎൽ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങൾ അണിയറയിൽ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഒക്ടോബറിൽ ഓസ്ട്രേലിയയിലെ ലോക്ക് ഡൗൺ അവസാനിക്കുമെങ്കിലും ഐസിസി ലോകകപ്പ് മാറ്റിവക്കാൻ തീരുമാനിച്ചാൽ ആ സമയം ഉപയോഗപ്പെടുത്താനാവും എന്ന് ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഐപിഎല്ലിൻ്റെയും ലോകകപ്പിൻ്റെയും ഭാവിയെപ്പറ്റി ഔദ്യോഗിക പ്രതികരണങ്ങൾ ഉണ്ടായിട്ടില്ല.
Story Highlights: BCCI, Star India staring at staggering losses if IPL is cancelled – Report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here