ഫോണും നോട്ടും അണുവിമുക്തമാക്കാം; പുതിയ കണ്ടുപിടിത്തവുമായി ഐഐടിയിലെ ഗവേഷകർ

വീട്ടിൽ നിന്ന് പുറത്തിറങ്ങുന്ന ആളുകൾ മാത്രം ബ്രേക്ക് ദ ചെയിൻ സംവിധാനം ഉപയോഗിച്ചാൽ കൊറോണ വൈറസ് ബാധ ഒഴിയില്ല. പുറത്തുനിന്ന് കൊണ്ടുവരുന്ന വസ്തുക്കളും അണുവിമുക്തമാക്കിയാലേ കൊറോണ വൈറസിനെ പൂർണമായും നശിപ്പിക്കാൻ കഴിയൂ. ഇതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പുതിയ സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുകയാണ്.
മിക്ക ആളുകളും പച്ചക്കറികളും മറ്റും ചൂടുവെള്ളത്തിൽ കഴുകി ഉപയോഗിക്കുന്നുണ്ട്. എന്നാൽ കറൻസി നോട്ടുകൾ, പേഴ്‌സ് തുടങ്ങിയ സാധനങ്ങൾ അണുവിമുക്തമാക്കാറില്ല. പുതിയ സംവിധാനം ഉപയോഗിച്ച് പച്ചക്കറി, പാൽ, ബിസ്‌ക്കറ്റ്, വാച്ച്, മൊബൈൽ ഫോൺ, പേപ്പർ തുടങ്ങിയ വസ്തുക്കൾ അണുവിമുക്തമാക്കാൻ കഴിയും. ഐഐടി സീനിയർ സയന്റിക് ഓഫീസർ നരേഷ് രാഖ പറയുന്നു.
അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ചാണ് ഈ ഉപകരണത്തിൽ അണുനശീകരണം സാധ്യമാക്കുന്നത്. വീട്ടിലോ സ്ഥാപനത്തിലോ കൊണ്ടുവരുന്ന പച്ചക്കറികളും കറൻസി നോട്ടുകളും മറ്റും ഇതിന്റെ സഹായത്തോടെ അണുവിമുക്തമാക്കാം. പെട്ടിയുടെ ആകൃതിയിലുള്ള ഉപകരണം വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കാൻ 500 രൂപയിൽ താഴെ ചെലവ് വരികയുള്ളൂ. മുപ്പത് മിനിറ്റാണ് അണുനശീകരണത്തിനെടുക്കുന്ന സമയം. അണുവിമുക്തമായ വസ്തു പത്ത് മിനിറ്റിന് ശേഷം മാത്രമേ പുറത്തെടുക്കാൻ പാടുള്ളൂവെന്നും ഐഐടിയിലെ വിദഗ്ധരുടെ സംഘം പറയുന്നു. കൂളിംഗ് ഓഫ് ടൈമാണ് പത്ത് മിനിറ്റ്. കൊറോണ വൈറസ് പ്രതിരോധത്തിനായാണ് മുഖ്യമായും ഈ ഉപകരണം നിർമിച്ചിരിക്കുന്നത്.
വൈറസിനെ മുഴുവനായി തുടച്ചുനീക്കാൻ മാസങ്ങൾ വേണ്ടി വന്നേക്കാം. സാമൂഹിക അകലം പാലിക്കുന്നതും വീടുകളിൽ നിന്ന് പുറത്തിറങ്ങാതിരിക്കുന്നതും കൊണ്ട് മാത്രം കൊവിഡിനെ പ്രതിരോധിക്കാനായെന്ന് വരില്ല. അതിനാലാണ് ഇത്തരം ഒരു സംവിധാനത്തെക്കുറിച്ച് ആലോചിച്ചത്. വീടുകളിലും സ്ഥാപനങ്ങളിലും മുൻവശത്തെ വാതിലിൽ തന്നെ ഇത് ഘടിപ്പിക്കുന്നത് സൗകര്യപ്രദമായിരിക്കുമെന്ന് സംഘം അഭിപ്രായപ്പെട്ടു.
Story highlights-sanitise,IIT
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here