Advertisement

കൊവിഡ് രോഗികളുടെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനി വെബ്‌സൈറ്റില്‍ രേഖപ്പെടുത്തണമെന്ന നിര്‍ദേശം സര്‍ക്കാര്‍ തിരുത്തി

April 13, 2020
1 minute Read

സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയുടെ വെബ്സൈറ്റില്‍ രേഖപ്പെടുത്തണമെന്ന നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ തിരുത്തി. രോഗികളുടേയും നിരീക്ഷണത്തിലുള്ളവരുടേയും വിവരങ്ങള്‍ ഇനി സര്‍ക്കാര്‍ വെബ്സൈറ്റില്‍ നല്‍കണമെന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. അമേരിക്ക ആസ്ഥാനമായ കമ്പനിക്ക് വിവരങ്ങള്‍ കൈമാറുന്നതില്‍ പ്രതിപക്ഷം ദുരൂഹത ആരോപിച്ച സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം.

സംസ്ഥാനത്തെ കൊവിഡ് രോഗികളുടേയും നിരീക്ഷണത്തില്‍ ഉള്ളവരുടേയും വിവരങ്ങള്‍ സ്പ്രിംഗ്ളര്‍ എന്ന കമ്പനിയുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണമെന്ന ഉത്തരവാണ് സര്‍ക്കാര്‍ തിരുത്തിയിരിക്കുന്നത്. ഇനിമുതല്‍ housevisit.kerala.gov.in എന്ന സര്‍ക്കാര്‍ വെബ്സൈറ്റില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണം. സ്പ്രിംഗ്ളറുടെ വെബ്സൈറ്റിലുണ്ടായിരുന്ന ഐടി സെക്രട്ടറി ഉള്‍പ്പെട്ട പരസ്യവും നീക്കം ചെയ്തിട്ടുണ്ട്.

വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് സര്‍ക്കാര്‍ വില്‍ക്കുകയാണെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ ആരോപണം. എന്നാല്‍ മലയാളി വ്യവസായിയുടെ കമ്പനിയാണെന്നും സൗജന്യ സേവനമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കേരളത്തിലെ കൊവിഡ് പ്രതിരോധം തങ്ങളുടെ ആപ്ലിക്കേഷനുകള്‍ വഴിയാണെന്ന് സ്പ്രിംഗ്ളര്‍ കമ്പനി രാജ്യാന്തരതലത്തില്‍ പ്രചരിപ്പിക്കുകയാണെന്ന് കെ.എസ്.ശബരീനാഥന്‍ എംഎല്‍എ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.

തൊട്ടുപിന്നാലെ ദുരൂഹത ആവര്‍ത്തിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രംഗത്തെത്തി. ഇതിനിടെയാണ് വിവരശേഖരം സര്‍ക്കാര്‍ വെബ്സൈറ്റ് വഴിയാക്കാനുള്ള നിര്‍ദേശം തദ്ദേശസ്വയംഭരണ വകുപ്പില്‍ നിന്നുണ്ടായത്. ഡാറ്റ ക്രോഡീകരണം മാത്രമാണ് സ്പ്രിംഗിളിന്റെ ചുമതലയെന്നും, അവരുടെ വെബ്സൈറ്റ് വഴിയുള്ള ഡാറ്റാ ശേഖരണം താല്‍ക്കാലികം മാത്രമായിരുന്നുവെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.

Story Highlights: coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top