കൊവിഡ് 19; അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 22,115 ആയി

കൊവിഡ് ബാധിച്ച് അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 22,115 ആയി. അഞ്ച് ലക്ഷത്തി അറുപതിനായിരത്തി നാനൂറ്റി മുപ്പത്തിമൂന്ന് പേർക്കാണ് രോഗം ഇതുവരെ സ്ഥിരീകരിച്ചത്. 32,634 പേർക്ക് രോഗം ഭേദമായി.
അമേരിക്കയിൽ മരണനിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് ദിവസവും ആയിരത്തിലധികം മരണം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്നലെ മാത്രം 1,528 പേരാണ് ഇവിടെ മരിച്ചത്. 27,421 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 11,766 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ന്യൂയോർക്കിലെ മരണസംഖ്യ 9,385 ആയി. ഇവിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തിലേയ്ക്ക് അടുക്കുകയാണ്. ജനസാന്ദ്രത കൂടിയ ബ്രോൺക്സ്, ക്വീൻസ് പ്രദേശങ്ങളിലാണ് വൈറസ് വ്യാപനം കൂടുതലായുള്ളത്.
ഇന്ത്യയിൽ നിന്നയച്ച ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്ന് വിദഗ്ധ പരിശോധനകൾക്ക് ശേഷം സംസ്ഥാനങ്ങൾക്ക് കൈമാറാനാണ് അമേരിക്കയുടെ തീരുമാനം. രാജ്യത്തെ ഹോട്ട് സ്പോട്ടുകളിൽ നടക്കുന്ന കൊവിഡ് പരിശോധനകളിൽ നാൽപത് ശതമാനവും പോസിറ്റീവ് ആണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, രാജ്യത്തെ ഉൾപ്രദേശങ്ങളിൽ നടക്കുന്ന പരിശോധനകളിൽ അഞ്ച് ശതമാനത്തിന് മാത്രമാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഈ സാഹചര്യത്തിൽ ഹോട്ട്സ്പോട്ടുകളിൽ കൊവിഡ് പരിശോധന വ്യാപകമാക്കിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. ജനങ്ങൾ സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്നും നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുന്നുണ്ടെന്നും ഉറപ്പ് വരുത്താനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here