‘സ്പോൺസർമാരോ ആവശ്യത്തിന് ജഴ്സികളോ ഉണ്ടായിരുന്നില്ല; പ്രചോദിപ്പിച്ചത് ഗിൽക്രിസ്റ്റ്’: ഡെക്കാൺ ചാർജേഴ്സിന്റെ കിരീട വിജയത്തെപ്പറ്റി പ്രഗ്യാൻ ഓജ

ഡെക്കാൺ ചാർജേഴ്സിൻ്റെ ഐപിഎൽ കിരീട നേട്ടത്തെപ്പറ്റി പറഞ്ഞ് മുൻ താരം പ്രഗ്യാൻ ഓജ. സ്പോൺസർമാരോ ആവശ്യത്തിന് ജഴ്സികളോ ഉണ്ടായിരുന്നില്ലെന്നും പ്രചോദിപ്പിച്ചത് ക്യാപ്റ്റൻ ആഡം ഗിൽക്രിസ്റ്റ് ആണെന്നും ഓജ പറഞ്ഞു. ക്രിക്ക്ബസിനു നൽകിയ അഭിമുഖത്തിലാണ് ഓജ മനസ്സു തുറന്നത്
“2008 ഐപിഎല്ലിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെ ഞങ്ങൾക്ക് സ്പോൺസർമാരെ കിട്ടാതായി. വളരെ വൈകിയാണ് സ്പോൺസർമാർ ആയത്. ഞങ്ങൾ ദക്ഷിണാഫ്രിക്കയിൽ എത്തിയപ്പോൾ ആവശ്യത്തിന് ജഴ്സികളോ ട്രെയിനിംഗ് കിറ്റുകളോ ഉണ്ടായിരുന്നില്ല. അപ്പോൾ ആദം ഗിൽക്രിസ്റ്റ് ഇത്തരം വിഷയങ്ങളെപ്പറ്റി വിഷമിക്കരുതെന്നും ഐപിഎൽ വിജയിച്ചു കഴിഞ്ഞാൽ കാര്യങ്ങൾ മാറുമെന്നും അദ്ദേഹം പറഞ്ഞു.”- ഓജ പറഞ്ഞു.
ഗിൽക്രിസ്റ്റിൻ്റെ പ്രചോദനം ഉൾക്കൊണ്ട ഡെക്കാൺ 2009 സീസൺ ചാമ്പ്യന്മാരായിരുന്നു. രോഹിത് ശർമ്മ, ആൻഡ്രൂ സൈമണ്ട്സ്, ഹെർഷൽ ഗിബ്സ് തുടങ്ങി ഒട്ടേറെ താരങ്ങൾ ഡെക്കാണിൽ ഉണ്ടായിരുന്നു. അടുത്ത മൂന്ന് സീസണുകൾ കൂടി കളിച്ചെങ്കിലും രണ്ട് തവണയും പ്ലേ ഓഫിലെത്താൻ ഡെക്കാൺ ചാർജേഴ്സിനു സാധിച്ചില്ല. ഇതോടെ 2012 സീസണു ശേഷം ടീം പിരിച്ചുവിട്ടു.
അതേ സമയം, ഐപിഎൽ അനിശ്ചിതകാലത്തേക്ക് നീട്ടിവച്ചതായി ബിസിസിഐ അറിയിച്ചു. ഫ്രാഞ്ചൈസികൾക്ക് ഇത് സംബന്ധിച്ച വിവരം ബിസിസിഐ കൈമാറിയിട്ടുണ്ട്. ടൂർണമെൻ്റ് ഉപേക്ഷിച്ചിട്ടില്ലെന്നും സാഹചര്യങ്ങൾ പരിഗണിച്ച് നടത്താൻ ശ്രമിക്കുമെന്നും ബിസിസിഐ അറിയിച്ചു. ഏപ്രിൽ 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎൽ ഈ മാസം 15ലേക്ക് മാറ്റിവച്ചിരുന്നു. എന്നാൽ രാജ്യത്തെ ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ ടൂർണമെൻ്റ് നീട്ടിവക്കാൻ ബിസിസിഐ നിർബന്ധിതരാവുകയായിരുന്നു.
Story Highlights: Didn’t have sponsors, had limited clothes, kits: How Adam Gilchrist made Deccan Chargers IPL 2009 champions, Pragyan Ojha reveals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here