Advertisement

സര്‍ക്കാരിന് ഒന്നും ഒളിച്ചുവയ്‌ക്കേണ്ടതില്ല; സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി

April 15, 2020
1 minute Read

സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. വിവര വിശകലനത്തിനുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗം സംബന്ധിച്ച് വിവാദമുണ്ടായ ആദ്യ ദിവസം തന്നെ ഇതു അനാവശ്യമായ ചര്‍ച്ചയാണെന്നും ഒരു വിധത്തിലുമുള്ള ക്രമക്കേടോ വിവര ചോര്‍ച്ചയോ ഉണ്ടാകാതിരിക്കാനുള്ള പൂര്‍ണ ശ്രദ്ധ സര്‍ക്കാരിനുണ്ടെന്ന് അറിയിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കൊവിഡ് പ്രതിരോധിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളും അതിന്റെ സാധ്യതകളെയെല്ലാം ഉപയോഗപ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. ലഭിക്കുന്ന വിവരങ്ങള്‍ ശരിയായ രീതിയില്‍ പെട്ടെന്ന് വിശകലനം ചെയ്ത് ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തെങ്കില്‍ മാത്രമേ രോഗപ്രതിരോധം സാധ്യമാകുകയുള്ളൂ.

ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ ലോകത്ത് എവിടെയുണ്ടായിട്ടുള്ള പുരോഗതിയെയും കണ്ടെത്തലുകളെയും ഇതിനായി സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഫേയ്‌സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും വാട്ട്‌സ് അപ്പിലൂടെയും ഇ-മെയിലൂടെയും ഫോണ്‍കോളിലൂടെയും ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ചുകൊണ്ട് വിവര വിശകലനത്തില്‍ ഇത്തരത്തില്‍ മികച്ച സംവിധാനം നിലവിലുള്ള സ്ഥാപനമാണ് സ്പ്രിംഗ്‌ളര്‍ കമ്പനി. ഈ കമ്പനിയാവട്ടെ മലയാളിയായ രാഗി തോമസ് നടത്തുന്നതുമാണ്. രോഗബാധാ സാധ്യതയുള്ളവരുടെ നിരീക്ഷണത്തിനും ഫലപ്രദമായ ഇടപെടലിനും വിവര ക്രോഡീകരണത്തിനും ഇവരുടെ സാങ്കേതികവിദ്യയെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്.

വിവര വിശകലനത്തിനുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗം സംബന്ധിച്ച് വിവാദമുണ്ടായ ആദ്യ ദിവസം തന്നെ ഇതു അനാവശ്യമായ ചര്‍ച്ചയാണെന്നും ഒരു വിധത്തിലുമുള്ള ക്രമക്കേടോ വിവര ചോര്‍ച്ചയോ ഉണ്ടാകാതിരിക്കാനുള്ള പൂര്‍ണ ശ്രദ്ധ ഈ സര്‍ക്കാരിനുണ്ടെന്നും അറിയിച്ചതാണ്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ചോദ്യങ്ങള്‍ക്ക് മറുപടിയായി ഞാന്‍ പറഞ്ഞതുപോലെ വിവരങ്ങള്‍ പൂര്‍ണമായും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനും ഐടി വകുപ്പിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് ചെയ്തു കഴിഞ്ഞു.

ജനങ്ങളുടെ മനസില്‍ നിലവിലുണ്ടാക്കിയിട്ടുള്ള സംശയങ്ങള്‍ അകറ്റുന്നതിന് സര്‍ക്കാര്‍ ഏജന്‍സിയായ സിഡിറ്റിനോട് ഈ ആവശ്യത്തിനുള്ള ആമസോണ്‍ ക്ലൗഡ് പശ്ചാത്തല സൗകര്യങ്ങള്‍ എത്രയും പെട്ടെന്ന് ഒരുക്കി പൂര്‍ണ തോതില്‍ പ്രവര്‍ത്തനക്ഷമമാക്കാനും വിവര ശേഖരണത്തിനും, സംഭരണത്തിനും വിശകലനത്തിനും ഉപയോഗിക്കുന്ന എല്ലാ സോഫ്റ്റ്‌വെയറുകളും ഈ സൗകര്യത്തിനകത്ത് സിഡിറ്റിന്റെ പൂര്‍ണ ഉടമസ്ഥതയില്‍ വിന്യസിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: Cm Pinarayi Vijayan, ramesh chennithala,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top