ദുരിതാശ്വാസ നിധിയിലേക്ക് വിഷുകൈനീട്ടം; ആവേശകരമായ പ്രതികരണമെന്ന് മുഖ്യമന്ത്രി

ദുരിതാശ്വാസ നിധിയിലേക്ക് വിഷുകൈനീട്ടം നല്‍കണമെന്ന അഭ്യര്‍ത്ഥനയോട് ആവേശകരമായ പ്രതികരണമാണുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സംഭാവന അമൂല്യമാണെന്നും സുമനസുകളുടെ പ്രവര്‍ത്തി ഇത്തരം പ്രതിസന്ധി ഘട്ടത്തില്‍ ആത്മധൈര്യം ഏകുന്നുവെന്നും മുഖ്യമന്ത്രി
പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡുവായി അഞ്ച് കോടി രൂപ അദാനി പോര്‍ട്സ് നല്‍കി. എസ്എഫ്‌ഐ സോഷ്യല്‍ മീഡിയ കാമ്പയിനിലൂടെ സമാഹരിച്ച 6,39,527 രൂപ ലഭിച്ചു. റംസാന്‍ മാസത്തെ പുണ്യപ്രവൃത്തിയുടെ ഭാഗമായി സക്കാത്ത് നല്‍കാനാവുമോയെന്ന അഭ്യര്‍ത്ഥനയ്ക്കും നല്ല പ്രതികരണം ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സിഡ്കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത് ഒരു ലക്ഷം രൂപ നല്‍കി. എല്‍ഐസി എംപ്ലോയീസ് യൂണിയന്‍ 1.20 കോടി രൂപയും കരുനാഗപ്പള്ളി ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെയും ഗേള്‍സ് ഹൈസ്‌കൂളിലെയും അധ്യാപകരും ജീവനക്കാരും 70,49,705 രൂപയും നല്‍കി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ സീനിയര്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ ഒരുലക്ഷം രൂപയും മുന്‍ സുപ്രിംകോടതി ജഡ്ജി കുര്യന്‍ ജോസഫ് രണ്ടു ലക്ഷം രൂപയും നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.
ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെയും കേരള മുസ്ലീം ജമാഅത്ത് ഫെഡറേഷന്റേയും ജാമിയ മന്നാനിയ സ്ഥാപനങ്ങളുടെയും കീഴിലുള്ള കോളജുകള്‍ സ്‌കൂളുകള്‍ ഓര്‍ഫനേജുകള്‍ മദ്രസകള്‍ ആരാധനാലയങ്ങള്‍ എന്നിവിടങ്ങള്‍ ക്വാറന്റീന്‍ ആവശ്യത്തിനായി വിട്ടു നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. മലപ്പുറം കാളികാവ് സഫ ആശുപത്രിയും മുസ്ലിം അസോസിയേഷന്‍ തിരുവനന്തപുരത്തെ സ്ഥാപനങ്ങളും വിട്ടു നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലീഗ്രാന്റ് ആദ്യഘട്ടത്തില്‍ രണ്ടായിരം പിപിഇ കിറ്റുകളും 25000 സര്‍ജറി മാസ്‌കുകളും നല്‍കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വിഷു സമ്മാനമായി ഡിവൈഎഫ്‌ഐ 500 പിപിഇ കിറ്റുകള്‍ നല്‍കി. വിഷുവിന് സാമൂഹ്യ അടുക്കളയിലേക്ക് 1340 ചാക്ക് അരിയും ഡിവൈഎഫ്‌ഐ നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Story Highlights : vishu kaineetam to relief fund; Exciting response- cm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here