തിരുവനന്തപുരം വലിയതുറയിലെ തീരദേശ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ തീപിടുത്തം

തിരുവനന്തപുരം വലിയതുറയിലെ തീരദേശ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ തീപിടുത്തം. ഇ-ഹെൽത്തിന്റെ സർവർ സൂക്ഷിച്ചിരുന്ന സർക്യുട്ട് റൂം പൂർണമായും കത്തി നശിച്ചു. ആളപായമില്ല. തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് അഗ്‌നിശമന സേന അറിയിച്ചു.
ഉച്ചയ്ക്ക് 12.30 യോടെയായിരുന്നു തീപിടുത്തം. സർക്യൂട്ട് റൂമിൽ നിന്ന് കറുത്ത പുക ഉയർന്നതോടെയാണ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്.വിവരമറിയിച്ചതിനെ തുടർന്ന് ചാക്കയിൽ നിന്ന് രണ്ട് അഗ്‌നി ശമന യൂണിറ്റും, പൊലീസും ആശുപത്രിയിലെത്തി.ഇ-ഹെൽത്തിന്റെ സർവർ അടക്കം, സർക്യൂട്ട് റൂം പൂർണമായും കത്തി നശിച്ചു. ഒന്നേകാലോടെ തീയണച്ച് സ്ഥിതി നിയന്ത്രണ വിധേയമാക്കി.
തീപിടുത്തമുണ്ടാകുന്ന സമയത്ത് ആശുപത്രിയിൽ രോഗികളും, ഡോക്ടർമാരടക്കമുള്ള ജീവനക്കാരുമുണ്ടായിരുന്നു. പരിശോധന മുറിയും, ഒരു വാർഡും തീപിടിച്ച മുറിക്ക് സമീപമുണ്ടായിരുന്നെങ്കിലും അവരെയെല്ലാം യഥാസമയം മാറ്റാനായത് വലിയ ദുരന്തം ഒഴിവാക്കി. ജീവനക്കാർക്കോ രോഗികൾക്കോ പരുക്കോ മറ്റ് അസ്വസ്ഥതകളോ ഇല്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോക്ടർ സോണി തോമസ് വ്യക്തമാക്കി.
ഇ-ഹെൽത്ത് സെർവർ അടക്കം നശിച്ച പശ്ചാത്തലത്തിൽ വിദഗ്ധർ എത്തി പരിശോധന നടത്തിയാലെ നഷ്ടത്തിന്റെ തോത് കണക്കാക്കാനാകൂ എന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി .
Story Highlights- fire, fire accident, thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here