Advertisement

മിയാൻദാദിനെ ടീമിൽ നിന്ന് പുറത്താക്കാൻ ഇമ്രാൻ ഖാൻ ഗൂഢാലോചന നടത്തി; വെളിപ്പെടുത്തലുമായി മുൻ താരം

April 16, 2020
2 minutes Read

മുൻ ക്യാപ്റ്റൻ മിയാൻദാദിനെ പാകിസ്താൻ ക്രിക്കറ്റ് ടീമിൽ നിന്ന് പുറത്താക്കാൻ നിലവിലെ പാക് പ്രധാനമന്ത്രിയും ലോകകപ്പ് നേടിയ ടീമിൻ്റെ ക്യാപ്റ്റനുമായിരുന്ന ഇമ്രാൻ ഖാൻ ഗൂഢാലോചന നടത്തിയെന്ന് മുൻ ദേശീയ താരം ബാസിത് അലി. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ബാസിത്ത് അലിയുടെ വിവാദ വെളിപ്പെടുത്തൽ.

“93ൽ ജാവേദ് മിയാൻദാദിനെ പാകിസ്ഥാൻ ടീമിൽ നിന്ന് പുറത്താക്കാൻ ഗൂഢാലോചന നടന്നിരുന്നു. അതുകൊണ്ടാണ് എന്നെ അദ്ദേഹവുമായി താരതമ്യപ്പെടുത്താൻ ആരംഭിച്ചത്. സത്യത്തിൽ മിയാൻദാദിന്റെ ഒരു ശതമാനം പോലും കഴിവുള്ള ആളല്ല ഞാൻ. സാധാരണ ഗതിയിൽ നാലാം നമ്പറിലാണ് ഞാൻ ബാറ്റു ചെയ്യാറുള്ളത്. എന്നാൽ മിയാൻദാദിനെ ടീമിൽ നിന്ന് പുറത്താക്കിയതോടെ എന്നെ ആറാം നമ്പറിലേക്ക് മാറ്റി. നാലാം നമ്പറിൽ ഏതാണ്ട് 55നു മുകളിൽ ശരാശരിയുണ്ടായിരുന്നു എനിക്ക്. ആറാം നമ്പറിൽ ബാറ്റ് ചെയ്യാൻ തുടങ്ങിയതോടെ എന്റെ പ്രകടനവും മോശമായി. ആ സ്ഥാനത്ത് വല്ലപ്പോഴും മാത്രമേ ബാറ്റ് ചെയ്യാൻ എനിക്ക് അവസരം കിട്ടുകയുള്ളൂ എന്ന് അവർക്ക് അറിയാമായിരുന്നു. വസീം അക്രമായിരുന്നു അന്നത്തെ ക്യാപ്റ്റൻ. പക്ഷേ, മിയാൻദാദിനെ പുറത്താക്കിയതിനു പിന്നിൽ ഇമ്രാൻ ഖാൻ ആയിരുന്നു. അദ്ദേഹമാണ് അക്രത്തിന് നിർദ്ദേശങ്ങൾ നൽകിയിരുന്നത്”- ബാസിത്ത് അലി വെളിപ്പെടുത്തി.

96ലെ ലോകകപ്പ് ടീമിൽ മിയാൻദാദ് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിൻ്റെ അഭ്യർത്ഥന പ്രകാരം താൻ മാറിക്കൊടുക്കുകയായിരുന്നു എന്നും ബാസിത്ത് അലി കൂട്ടിച്ചേർത്തു. 15 അംഗ ടീമിൽ താൻ ഉണ്ടായിരുന്നു. മിയാൻദാദിന് പക്ഷേ, അവസരം ലഭിച്ചില്ല. ആരെങ്കിലും മാറിക്കൊടുക്കണമെന്നും ലോകകപ്പിൽ കളിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നും വെളിപ്പെടുത്തിയ മിയാൻദാദിനു വേണ്ടി താൻ ലോകകപ്പ് ടീം സ്ഥാനം ത്യജിക്കുകയായിരുന്നു. ഏറ്റവും കൂടുതൽ ലോകകപ്പിൽ കളിക്കുന്ന താരമാകുകയായിരുന്നു മിയാൻദാദിൻ്റെ ലക്ഷ്യമെന്നും ബാസിത്ത് പറഞ്ഞു.

Story Highlights: Imran Khan was behind Javed Miandad’s ouster from Pakistan team, claims Basit Ali

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top