ഇന്ത്യക്കെതിരായ പരമ്പരകളുടെ അഭാവം മൂലം പാകിസ്താൻ ക്രിക്കറ്റിനുണ്ടായ നഷ്ടം 90 മില്ല്യൺ യുഎസ് ഡോളർ: റിപ്പോർട്ട്

ഇന്ത്യക്കെതിരായ പരമ്പരകളുടെ അഭാവം മൂലം പാകിസ്താൻ ക്രിക്കറ്റ് ബോർഡിന് 90 മില്ല്യൺ യുഎസ് ഡോളറിൻ്റെ നഷ്ടം ഉണ്ടായതായി റിപ്പോർട്ട്. 2008 മുതൽ ഇന്നുവരെയുള്ള നഷ്ടത്തിൻ്റെ കണക്കാണിത്. ടിവി സംപ്രേഷണത്തിലൂടെ ലഭിക്കേണ്ട പണമാണ് പരമ്പരകൾ നടക്കാത്തതു മൂലം നഷ്ടമായത്.
ടെൻ സ്പോർട്സ്, പിടിവി എന്നീ രണ്ട് ചാനലുകൾക്കായിരുന്നു കഴിഞ്ഞ അഞ്ച് വർഷത്തെ പാകിസ്താൻ ക്രിക്കറ്റിൻ്റെ സംപ്രേഷണാവകാശം. ഇന്ത്യക്കെതിരായ രണ്ട് പരമ്പരകളും ഉടമ്പടിയിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ ഈ പരമ്പരകൾ നടന്നില്ല. ഇതോടെ 149 മില്ല്യൺ യുഎസ് ഡോളറിൻ്റെ ആകെ കരാറിൽ നിന്ന് 90 മില്ല്യൺ യുഎസ് ഡോളർ ഇവർ കുറച്ചു.
2012-13 സീസണിലാണ് അവസാനമായി ഇന്ത്യ-പാകിസ്താൻ പരമ്പര നടന്നത്. രണ്ട് മത്സരങ്ങൾ അടങ്ങിയ ടി-20 പരമ്പരയും മൂന്ന് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയുമാണ് പാകിസ്താൻ ഇന്ത്യയിൽ കളിച്ചത്. ടി-20 പരമ്പര സമനില ആയപ്പോൾ ഏകദിന പരമ്പര 1-2ന് പാകിസ്താൻ സ്വന്തമാക്കി.
2014ൽ മെൽബണിൽ വെച്ച് നടന്ന ഐസിസി യോഗത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ അഞ്ച് വർഷത്തിനുള്ളിൽ ആറ് പരമ്പരകൾ കളിക്കാൻ തീരുമാനമായിരുന്നു. 2015 ഡിസംബറിലായിരുന്നു ആദ്യ പരമ്പര തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് ഇരു ക്രിക്കറ്റ് ബോർഡുകളും തമ്മിൽ തർക്കം ഉണ്ടാവുകയും പരമ്പര ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് 2017ൽ കേന്ദ്രത്തിൻ്റെ അനുമതി ഉണ്ടെങ്കിലേ പാകിസ്താനുമായി പരമ്പര കളിക്കാൻ സാധിക്കൂ എന്ന് ബിസിസിഐ അറിയിച്ചു. കേന്ദ്രം അനുമതി നൽകാത്തതിനെ തുടർന്ന് പരമ്പരകൾ റദ്ദാക്കപ്പെടുകയായിരുന്നു.
നേരത്തെ, കൊറോണ വൈറസിൻ്റെ പശ്ചാത്തലത്തിൽ ധനസമാഹരണത്തിനായി ഇന്ത്യ-പാകിസ്താൻ പരമ്പര നടത്താമെന്ന് മുൻ പാക് താരം ഷൊഐബ് അക്തർ അഭിപ്രായപ്പെട്ടിരുന്നു. മറ്റൊരു മുൻ ദേശീയ താരം ഷാഹിദ് അഫ്രീദി ഈ അഭിപ്രായത്തെ പിന്തുണച്ചു. എന്നാൽ മുൻ ഇന്ത്യൻ താരങ്ങളായ കപിൽ ദേവും സുനിൽ ഗവാസ്കറും ഇതിനെ എതിർത്തു.
Story Highlights: Lack of bilateral cricket against India results in Pakistan Cricket Board losing USD 90 million
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here