കൊറോണ വൈറസ് വവ്വാലുകളിൽ നിന്ന് മനുഷ്യനിലേയ്ക്ക് എത്തുന്നത് അപൂർവമെന്ന് ഐസിഎംആർ

കൊറോണ വൈറസ് വവ്വാലുകളിൽ നിന്ന് മനുഷ്യ ശരീരത്തിലേയ്ക്ക് എത്താനുള്ള സാധ്യത അപൂർവമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). വൈറസ് വവ്വാലുകളിൽ നിന്ന് മനുഷ്യ ശരീരത്തിൽ വ്യാപിക്കുന്ന സംഭവം 1000 വർഷത്തിൽ ഒരിക്കൽ മാത്രമേ സംഭവിക്കാനിടയുള്ളൂ. അതിനാൽ അത് അപൂർവ സംഭവമാണെന്നും ഐസിഎംആർ വിശദീകരിക്കുന്നു.
കേരളം ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെയാണ് ഐസിഎംആർ പ്രതികരണവുമായി രംഗത്തെത്തിയത്. വവ്വാലുകളിൽ കൊറോണ വൈറസ് കണ്ടെത്തിയിട്ടുണ്ട്. കൊറോണ വൈറസ് പരിവർത്തനം സംഭവിച്ച് മനുഷ്യ ശരീരത്തിൽ രോഗവ്യാപനം നടത്താനുള്ള കഴിവ് നേടിയെന്നാണ് ചൈനയിലെ ഗവേഷകരിൽ നിന്ന് മനസിലാക്കുന്നത്. വൈറസ് ഈനാംപേച്ചിയിലേക്ക് പടരുകയും ഇതിലൂടെ മനുഷ്യ ശരീരത്തിലേയ്ക്ക് എത്തി എന്നത് മറ്റൊരു സാധ്യതയായും ഗവേഷകർ ചൂണ്ടിക്കാട്ടുന്നുവെന്നും ഐസിഎംആർ പറയുന്നു.
കൊറോണ വൈറസ് വവ്വാലുകളിൽ കാണപ്പെടുന്നുണ്ടോ എന്ന് കണ്ടെത്താൻ ശ്രമിച്ചിരുന്നു. രണ്ടു വവ്വാലിനങ്ങളിൽ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പക്ഷേ അവ മനുഷ്യരിലേക്ക് പടരാൻ പ്രാപ്തമല്ലെന്നും ഐസിഎംആർ വൃത്തങ്ങൾ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here