പെരിയാർ ഒഴുകുന്നത് കറുത്ത നിറത്തിൽ; ലോക്ക്ഡൗൺ ലംഘിച്ചും കമ്പനികൾ പ്രവർത്തിക്കുന്നുണ്ടെന്ന് ആരോപണം

ലോക്ക്ഡൗൺ കാലത്തും പെരിയാർ തീരങ്ങളിൽ മലിനീകരണം കൂടുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കറുത്ത നിറത്തിലാണ് പെരിയാർ ഒഴുകുന്നത്. ലോക്ക്ഡൗൺ ലംഘിച്ചും കമ്പനികൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.
വ്യവസായ കേന്ദ്രമായ ഏലൂരിലെ പെരിയാർ തീരങ്ങളിൽ ലോക്ക്ഡൗൺ കാലത്തും മലിനീകരണം അതിഗുരുതരമായി തുടരുകയാണ്. കമ്പനികളിൽ നിന്നുള്ള മാലിന്യം നദിയിലേക്ക് ഒഴുക്കി വിടുന്നതാണ് കാരണം. ലോക്ക്ഡൗൺ ലംഘിച്ച് ചില കമ്പനികൾ പ്രവർത്തിക്കുന്നുണ്ടെന്നും പല വ്യവസായ ശാലകളിലേയും ഇടിപി പ്ലാന്റുകളിൽ നിന്നുള്ള മാലിന്യം പുഴയിലേക്ക് നിക്ഷേപിക്കുന്നുവെന്നും പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു.
കുറച്ചു ദിവസങ്ങളിലായി കറുത്തതും ഇരുമ്പ് കലർന്നതുമായ നിറങ്ങളിലാണ് പെരിയാർ കാണപ്പെടുന്നത്. മലിനീകരണം മൂലം പ്രദേശത്ത് മത്സ്യങ്ങളും ചത്തു പോകുന്നത് പതിവായി. ഇതെല്ലാം പൊലൂഷൻ കൺട്രോൾ ബോർഡിനെ അറിയിച്ചെങ്കിലും അവശ്യ സർവീസ് അല്ലാത്തതിനാൽ ബോർഡിന്റെ ഭാഗത്തു നിന്ന് അടിയന്തിര നടപടി എടുക്കാൻ കഴിയില്ലെന്ന് അറിയിച്ചതായും നാട്ടുകാർ പറയുന്നു.
നിലവിൽ പ്രദേശത്ത് ഏതൊക്കെ കമ്പനികൾ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചും വ്യക്തതയില്ല. നിരവധി കുടിവെള്ള പദ്ധതികളുടെ കൂടി ഭാഗമായ പെരിയാറിൽ മലിനീകരണം കുറക്കാൻ അധികാരികൾ എത്രയും പെട്ടെന്ന് നടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Story highlights- periyar, lock down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here