Advertisement

ആഘോഷങ്ങൾ ഒഴിവാക്കി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പിറന്നാൾ ആഘോഷം

April 19, 2020
1 minute Read

സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പും കെസിബിസി പ്രസിഡന്റുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പ്രത്യേക ആഘോഷ പരിപാടികളൊന്നും ഇല്ല. പതിവ് രീതി അനുസരിച്ച്, സഭാ കാര്യാലയത്തിൽ സഹശുശ്രൂഷകരായ കൂരിയാ ബിഷപ്പിനും വൈദികർക്കും സന്യസ്തർക്കുമൊപ്പം അദ്ദേഹം വിശുദ്ധ കുർബാനയർപ്പിച്ചു.

ചങ്ങനാശേരി തുരുത്തിയിലെ ആലഞ്ചേരി ഫിലിപ്പോസ്-മറിയാമ്മ ദമ്പതികളുടെ പത്തുമക്കളിൽ ആറാമനായി 1945 ഏപ്രിൽ 19 നാണ് ജോർജ് ആലഞ്ചേരിയുടെ ജനനം. പത്താം ക്ലാസ് പഠനം പൂർത്തിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പാറേൽ സെമിനാരിയിൽ ചേർന്നു. മൈനർ സെമിനാരി പഠനത്തോടനുബന്ധിച്ചുതന്നെ, ചങ്ങനാശ്ശേരി എസ്.ബി. കോളേജിൽ നിന്നും കേരള യൂണിവേഴ്സിറ്റിയിൽ സാമ്പത്തികശാസ്ത്രത്തിൽ രണ്ടാം റാങ്കോടെ വിജയം കരസ്ഥമാക്കി. ആലുവ മേജർ സെമിനാരിയിൽ വൈദികപരിശീലനം പൂർത്തിയാക്കി, 1972 ഡിസംബർ 18 ന് വൈദികപട്ടം സ്വീകരിച്ചു. പാരീസിലെ സൊർബോൺ സർവ്വകലാശാലയിൽ നിന്നും കാത്തലിക്ക് യൂണിവേഴ്സിറ്റിയിൽ നിന്നൂമായി ബൈബിൾ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് ബിരുദം നേടി. പാരീസിലെ ഉപരിപഠനത്തിനുശേഷം തിരിച്ചെത്തിയ അദ്ദേഹം 1986 മുതൽ ആറ് വർഷക്കാലം കെസിബിസിയുടെ ആസ്ഥാനകേന്ദ്രമായ പിഒസിയുടെ ഡയറക്ടർ ആയി സേവനം ചെയ്തു. തുടർന്ന് ചങ്ങനാശേരി അതിരൂപതയുടെ വികാരി ജനാറാളായി നിയമിതനായി. 1996 ൽ തമിഴ്‌നാട്ടിലെ തക്കല കേന്ദ്രമാക്കി ഒരു രൂപത സ്ഥാപിക്കപ്പെട്ടപ്പോൾ പ്രഥമ മെത്രാനായി നിയമിതനായി.

2011 ഏപ്രിൽ ഒന്നിന് കർദിനാൾ വർക്കി വിതയത്തിൽ കാലം ചെയ്തശേഷം നടന്ന സീറോമലബാർ മെത്രാൻ സിനഡ്, ജോർജ് ആലഞ്ചേരിയെ സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പായി തിരഞ്ഞെടുത്തു. 2012 ഫെബ്രുവരി 18 ന് ബനഡിക്റ്റ് പതിനാറാമൻ പാപ്പ അദ്ദേഹത്തെ കർദ്ദിനാൾ സ്ഥാനത്തേയ്ക്കുയർത്തി. സാർവ്വത്രിക സഭയിൽ മാർപാപ്പയെ തെരഞ്ഞെടുക്കാൻ വോട്ടവകാശമുള്ള 115 കർദിനാൾമാരിൽ ഒരാളാണ് കർദിനാൾ ആലഞ്ചേരി. സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് എന്ന നിലയിൽ, 35 രൂപതകളിലും അതിനുപുറത്തുമായി ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന ഏകദേശം 50 ലക്ഷം സീറോമലബാർ കത്തോലിക്കരുടെ നേതൃത്വശുശ്രൂഷ നിർവഹിക്കുന്ന കർദിനാൾ ആലഞ്ചേരി, എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്ത കൂടിയാണ്. കഴിഞ്ഞ ഡിസംബറിലാണ് കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ അധ്യക്ഷനായി അദ്ദേഹം നിയമിതനായത്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ എഴുപത്തിയഞ്ചാം പിറന്നാൾ ദിനത്തിൽ പ്രത്യേക ആഘോഷ പരിപാടികളൊന്നും ഇല്ല.

Story highlight: Celebrating Cardinal Mar George Alencherry’s birthday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top