ഹോട്ടലുകൾ തുറക്കാം, വാഹനങ്ങൾ പുറത്തിറക്കാം; കേരളത്തിലെ ഏഴ് ജില്ലകളിൽ ഇന്ന് മുതൽ നിയന്ത്രണങ്ങളിൽ ഇളവ്

കേരളത്തിലെ ഏഴ് ജില്ലകളിൽ ഇന്ന് മുതൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്. നാല് സോണുകളായി തിരിച്ച സംസ്ഥാനത്തെ പച്ച, ഓറഞ്ച് ബി സോണുകളിലാണ് ഇന്നുമുതൽ ഇളവുകൾ ഉണ്ടാവുക. പച്ച മേഖലയിൽ കോട്ടയം, ഇടുക്കി ജില്ലകളും ഓറഞ്ച് ബി മേഖലയിൽ ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂർ ജില്ലകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇളവുകൾ ഇങ്ങനെ :
*ഒറ്റയക്കത്തിൽ അവസാനിക്കുന്ന രജിസ്‌ട്രേഷൻ നമ്പറുള്ള വാഹനങ്ങൾ ഇന്ന് നിരത്തിലിറക്കാം
*ഈ ജില്ലകളിലെ സർക്കാർ ഓഫിസുകൾ ഇന്ന് പ്രവർത്തിച്ച് തുടങ്ങും
*ബാങ്കുകൾ രാവിലെ 10 മണി മുതൽ വൈകീട്ട് 4 മണി വരെ പ്രവർത്തിക്കും
*ഹോട്ടലുകളിൽ രാത്രി 7 മണി വരെ ഭക്ഷണങ്ങൾ വിളമ്പാം. പാഴ്‌സൽ, ടേക്ക് ഔട്ടുകൾ എന്നിവ 8 മണി വരെയുണ്ടാകും.
പച്ച, ഓറഞ്ച് ബി മേഖലയിൽ ജില്ലാ അതിർത്തി കടന്നുള്ള യാത്രകൾ നിരോധിച്ചിട്ടുണ്ട്. മെഡിക്കൽ ആവശ്യങ്ങൾക്കും മാർഗനിർദേശങ്ങളിൽ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങൾക്കും മാത്രമേ ജില്ലാ അതിർത്തിയും സംസ്ഥാന അതിർത്തിയും കടന്നുള്ള യാത്ര അനുവദിക്കൂ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിനിമാ തിയറ്ററുകൾ, ഷോപ്പിംഗ് കേന്ദ്രങ്ങൾ, പാർക്കുകൾ, ബാറുകൾ മുതലയായവ പ്രവർത്തിക്കില്ല. ജനങ്ങൾ കൂട്ടംകൂടുന്ന എല്ലാതരം പരിപാടികളും നിരോധിച്ചിട്ടുണ്ട്. ആരാധനാകേന്ദ്രങ്ങളും തുറക്കില്ല. വിവാഹത്തിനും മരണാനന്തരചടങ്ങുകളിലും 20 ൽ കൂടുതൽ പേർ പങ്കെടുക്കാൻ അനുവദിക്കില്ല.
ആരോഗ്യമേഖല, കൃഷി, മത്സ്യബന്ധനം, പ്ലാന്റേഷൻ, മൃഗസംരക്ഷണം, സാമ്പത്തികമേഖല, സാമൂഹ്യമേഖല, ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായം, തൊഴിലുറപ്പ് പദ്ധതികൾ എന്നീ മേഖലകളുടെ പ്രവർത്തനങ്ങൾക്ക് അനുമതി ഉണ്ട്. ഇന്ധനനീക്കം, ഊർജ്ജവിതരണം എന്നിവ ഉൾപ്പെടെയുള്ള പൊതുസേവനകാര്യങ്ങൾ, ചരക്ക് നീക്കം, അവശ്യസാധനങ്ങളുടെ വിതരണം, സ്വകാര്യ, വാണിജ്യസ്ഥാപനങ്ങൾ, സർക്കാർ മേഖലയിലും സ്വകാര്യമേഖലയിലുമുള്ള വ്യവസായ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം, നിർമാണ പ്രവർത്തനങ്ങൾ എന്നിവയ്ക്കും അനുമതി നൽകിയിട്ടുണ്ട്. സാമൂഹ്യ അകലം പാലിച്ചുകൊണ്ടാവണം ഇവ പ്രവർത്തിപ്പിക്കേണ്ടത്.
ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് നമ്പറുകളിൽ അവസാനിക്കുന്ന രജിസ്‌ട്രേഷൻ നമ്പറുള്ള വാഹനങ്ങൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ യാത്രാനുമതി നൽകിയിട്ടുണ്ട്. പൂജ്യം, രണ്ട്, നാല്, ആറ്, എട്ട് അക്കങ്ങളിൽ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങൾക്ക് അനുമതിയുള്ളത് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ്. എന്നാൽ, ഒഴിവാക്കപ്പെട്ട വിഭാഗത്തിലുള്ളവരും തുറന്നുപ്രവർത്തിക്കാൻ അനുമതി ലഭിച്ചിട്ടുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരും സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ഈ ക്രമം ബാധകമല്ല.
ഓറഞ്ച് എ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളിൽ മേൽപ്പറഞ്ഞ ഇളവുകൾ ഏപ്രിൽ 24 മുതൽ പ്രാബല്യത്തിൽവരും. ചുവപ്പ് മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത് കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളാണ്. ഇവിടെ നിലവിലുള്ള ലോക്ക്ഡൗൺ അതേപടി തുടരും.
Story Highlights- lockdown,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here