ലോക്ക് ഡൗൺ ഇളവ്; തൃശൂരിലെ നിരത്തുകളിൽ വാഹനത്തിരക്ക്

ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ തൃശൂർ ജില്ലയിലെ പലയിടങ്ങളിലും വാഹനങ്ങൾ നിരത്തിലിറങ്ങി. അവശ്യ സർവീസ് അല്ലാതെ റോഡിൽ ഇറങ്ങിയ ഇരട്ടയക്ക നമ്പർ വാഹനങ്ങൾക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചു. പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിച്ച നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധസമരം നടത്തി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ലോക്ക് ഡൗണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ തൃശ്ശൂരിൽ നിരവധി വാഹനങ്ങൾ റോഡിലിറങ്ങി. ഒറ്റയക്ക വാഹനങ്ങൾക്കാണ് ഇന്ന് യാത്രാനുമതിയെങ്കിലും മറ്റുവാഹനങ്ങളും റോഡിലെത്തി. പൊലീസ് ഇടപെട്ട് അത്തരം നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ട്. ജില്ലാ അതിർത്തികൾ അടച്ച് അന്തർ ജില്ലാ യാത്രകളിന്മേലും പരിശോധന കർശനമാക്കി. ഇളവുകൾ അനുവദിച്ച കടകമ്പോളങ്ങൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്.
ഓറഞ്ച് ബി മേഖലയിൽപ്പെടുന്ന ജില്ലയിൽ ചാലക്കുടി മുനിസിപ്പാലിറ്റിയും, മതിലകം വള്ളത്തോൾ നഗർ പഞ്ചായത്തുകളുമാണ് ഹോട്ട്സ്പോട്ടുകൾ. ഇവിടെ കടുത്ത നിയന്ത്രണങ്ങൾ തുടരുകയാണ്. പാലിയേക്കരയിൽ ടോൾ പുനരാരംഭിച്ചതിൽ പ്രതിഷേധിച്ച് ടോൾ പ്ലാസയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം നടത്തി. ടോൾ ഗേറ്റുകൾ തുറന്നിട്ട പ്രവർത്തകർ വാഹനങ്ങൾ കടത്തി വിട്ടു. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
അതേസമയം ടോൾ പിരിവ് പുനരാരംഭിച്ച നടപടിക്കെതിരെ സിപിഐയും രംഗത്തെത്തി. രാജ്യം ഒന്ന് എഴുന്നേൽക്കും മുൻപ് പണപ്പിരിവ് പാടില്ലെന്നു ബിനോയ് വിശ്വം പറഞ്ഞു.
കഴിഞ്ഞ ദിവസം ജില്ലയിലെ അവസാന കൊവിഡ് രോഗിയും രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് ആദ്യമായി കൊറോണ വൈറസ് ബാധ കണ്ടെത്തിയത് തൃശൂരിലായിരുന്നു. ജനുവരി 30 നാണ് ചൈനയിലെ വുഹാനില്‍ നിന്നെത്തിയ പെണ്‍കുട്ടിക്ക് രോഗം സ്ഥിരീകരിക്കുന്നത്. അന്നുമുതല്‍ ഇന്ന് വരെ 13 കൊവിഡ് പോസിറ്റീവ് കേസുകളാണ് തൃശൂര്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
Story Highlights: lockdown concessions thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here