സ്പ്രിംക്ലർ വിവാദം; മുഖ്യമന്ത്രിയെ ന്യായീകരിച്ചുള്ള സിപിഎം നിലപാട് പരിതാപകരമെന്ന് കെ സുരേന്ദ്രൻ

സ്പ്രിംക്ലർ ഇടപാടിൽ മുഖ്യമന്ത്രിയെ ന്യായീകരിച്ചുള്ള സിപിഎം നിലപാട് പരിതാപകരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയിൽ നിന്ന് വിശദീകരണം തേടാൻ സിപിഎം തയ്യാറാകാത്തത് ലജ്ജാകരമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം പൊളിറ്റ് ബ്യൂറോ അംഗങ്ങൾക്ക് മുഖ്യമന്ത്രിയെ ഭയമാണോയെന്നും ചോദിച്ചു.
സർക്കാർ നിയോഗിച്ച അന്വേഷണ സമിതി തട്ടിപ്പാണ്. ഡേറ്റ സുരക്ഷിതത്വം സംബന്ധിച്ച കേന്ദ്ര സർക്കാരിൻ്റെ മാർഗനിർദ്ദേശങ്ങളെ അട്ടിമറിച്ചാണ് സർക്കാർ മുന്നാട്ട് പോകുന്നത്. ഇതിനെ നിയമപരമായി നേരിടും. സ്പ്രിംക്ലർ ഇടപാട് സംബന്ധിച്ച ഹൈക്കോടതിയിലെ ഹർജിയിൽ ബിജെപി കക്ഷി ചേരുമെന്നും കെ സുരേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ സ്പ്രിംക്ലർ വിവാദം അനാവശ്യമാണെന്നായിരുന്നു സിപിഎം നിലപാട്. കൊവിഡ് പ്രവർത്തനങ്ങൾ അലങ്കോലപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. കൊവിഡുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ് സർക്കാർ ചെയ്യേണ്ടത്. രാഷ്ട്രീയമായുള്ള വിമർശനങ്ങൾക്ക് അതേ രീതിയിൽ മറുപടി നൽകണമെന്നും സെക്രട്ടറിയേറ്റ് നിലപാട് സ്വീകരിച്ചു.
സ്പ്രിംക്ലർ വിവാദത്തിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. സ്പ്രിംക്ലർ വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്ന ഡാറ്റകൾക്ക് സർക്കാർ ഉത്തരവാദിത്വം വഹിക്കണം. നിയമ വകുപ്പ് അറിയാതെ കരാർ നടപ്പാക്കിയത് എന്തിനെന്ന് വിശദീകരണം വേണമെന്നും ഹൈക്കോടതി പറഞ്ഞു. സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതാണെന്ന് പറഞ്ഞ കോടതി ഡാറ്റ സുരക്ഷിതത്വം സംബന്ധിച്ച് ആശങ്കയുണ്ടെന്നും വ്യക്തമാക്കി.
കമ്പനിയുടെ കൈയിൽ വിവരങ്ങൾ സുരക്ഷിതമാണെന്ന് എന്താണ് ഉറപ്പെന്ന് കോടതി ചോദിച്ചു. വ്യക്തിയുടെ ആരോഗ്യ വിവരങ്ങൾ പ്രധാനപ്പെട്ട രേഖയാണ്. കരാറിൽ മൂന്നാം കക്ഷിയുടെ ആവശ്യം എന്താണെന്നും ഹൈക്കോടതി ആരാഞ്ഞു. സ്പ്രിംക്ലറുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങൾ സത്യവാങ്മൂലമായി സമർപ്പിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
Story Highlights: k surendran against cpm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here