കിം ജോങ് ഉന്നിന് ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകളോ?; പ്രചരിക്കുന്ന വാർത്തകളിലെ യാഥാർത്ഥ്യം

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ഗുരുതരാവസ്ഥയിലാണെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മരണപ്പെട്ടു എന്ന് മറ്റ് ചില റിപ്പോർട്ടുകളും പ്രത്യക്ഷപ്പെട്ടു. പിന്നീടാണ് ഒരു രസമുണ്ടായത്. കിമ്മിൻ്റെ പേരിലുള്ള ട്വിറ്റർ, ഫേസ്ബുക്ക് അക്കൗണ്ടുകളിൽ നിന്നൊക്കെ ‘ഞാൻ മരിച്ചിട്ടില്ല കേട്ടോ’ ടൈപ്പ് പോസ്റ്റ്. സംഭവം വൈറലായത് നിമിഷ നേരങ്ങൾക്കുള്ളിലാണ്. ഷെയറായി, ട്രോളായി, ചിരിയായി, ഭീഷണിയായി. എന്താലേ. എന്നാൽ ഈ ഒരൊറ്റ അക്കൗണ്ടിലും ബ്ലൂ ടിക്ക് ഇല്ല. കണ്ടപ്പോൾ ഒരു സംശയം. അങ്ങനെ ഒന്ന് പരതി.
ഉത്തര കൊറിയയിൽ ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് എന്നിവക്കൊപ്പം ദക്ഷിണ കൊറിയൻ സൈറ്റുകളും നിരോധിച്ചിരിക്കുകയാണ്. ഇൻ്റർനെറ്റ് പോലും പരിമിതമാണ്. ഉപയോഗിക്കണമെങ്കിൽ അധികാരികളുടെ അനുവാദം വേണം. വിനോദ സഞ്ചാരികൾക്കും സർക്കാർ ആവശ്യങ്ങൾക്കും ഇൻ്റർനെറ്റ് ഉപയോഗിക്കുന്നതിൽ തടസങ്ങൾ ഇല്ല. പക്ഷേ, ദൈനം ദിന ജീവിതത്തിൽ സാധാരണക്കാർക്ക് ഇൻ്റർനെറ്റ് അന്യമാണ്. ടെലിവിഷൻ, പത്രം, തുടങ്ങി സകല മാധ്യമങ്ങളും സർക്കാർ പ്രോപ്പഗണ്ട മാത്രം പ്രചരിപ്പിക്കാനുള്ള ടൂളുകളാണ്.
അപ്പോൾ ഒരു ചോദ്യം, കിംഗ് ജോങ് ഉൻ കൊറിയൻ ഭരണാധികാരി അല്ലേ? അയാൾക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് എടുക്കാനാണോ പാട്? ശരിയാണ്. വളരെ എളുപ്പമാണ് സംഭവം. പക്ഷേ, ട്വിറ്ററും ഫേസ്ബുക്കുമൊക്കെ നിരോധിച്ച രാജ്യമാണ് ഉത്തര കൊറിയ എന്ന് ഓർമിക്കണം. മാത്രമല്ല, ഇതൊക്കെ നിരോധിച്ചിട്ട് അതിൽ തന്നെ അക്കൗണ്ട് തുറന്ന് പോസ്റ്റിട്ട് ആഘോഷിക്കാൻ മാത്രം മണ്ടനാണോ കിം? പോസ്റ്റ് ഇട്ടെന്ന് തന്നെ ഇരിക്കട്ടെ, തങ്ങളെ നിരോധിച്ച ആളെ ട്വിറ്ററും ഫേസ്ബുക്കുമൊക്കെ വെറുതെ വിടുമോ? അക്കൗണ്ട് തന്നെ നീക്കം ചെയ്യില്ലേ?
ഇനി മറ്റൊരു കാര്യം. 2018ലെ ഒരു റിപ്പോർട്ട് പ്രകാരം കിമ്മിന് ഒരു രഹസ്യ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ട്. ഉറപ്പല്ല, ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ഉണ്ടെങ്കിൽ തന്നെ സ്വന്തം പേരിൽ അക്കൗണ്ട് തുടങ്ങി ആ അക്കൗണ്ടിൽ തന്നെ കിം പോസ്റ്റുകൾ അപ്ഡേറ്റ് ചെയ്യുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ കാണുന്ന കിം അക്കൗണ്ടുകളൊക്കെ വ്യാജമാണ്. അത് ഉറപ്പിക്കാം.
Story Highlights: kim jong un does have social media accounts fact chech
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here