പ്രധാനമന്ത്രി കിസാൻ സമ്മാൻനിധി; ജമ്മു കശ്മീർ, ലഡാക് കേന്ദ്രഭരണ പ്രദേശങ്ങളിലെ ഗുണഭോക്താക്കൾക്ക് ആധാർ നമ്പർ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി

പ്രധാനമന്ത്രി കിസാൻ സമ്മാൻനിധിയുടെ അസം, മേഘാലയ സംസ്ഥാനങ്ങളിലെയും ജമ്മു കശ്മീർ, ലഡാക് കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗുണഭോക്താക്കൾക്ക് ആധാർ നമ്പർ ബന്ധിപ്പിക്കുന്നതിനുള്ള സമയം നീട്ടി നൽകാൻ കേന്ദ്രമന്ത്രിസഭാ തീരുമാനം. ഏപ്രിൽ ഒന്നു മുതൽ ഒരു വർഷത്തേക്ക് സമയം നീട്ടി നൽകാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചത്.
2019 ഫെബ്രുവരി 24 നാണ് പ്രധാനമന്ത്രി കിസാൻ സമ്മൻ നിധി പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടത്. രാജ്യത്തുടനീളം കൃഷി സാധ്യമായ ഭൂമിയുള്ള എല്ലാ കർഷക കുടുംബങ്ങൾക്കും ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ പദ്ധതി വരുമാനസ്ഥിരത ഉറപ്പാക്കും. പ്രതിവർഷം 6000 രൂപ മൂന്നു ഗഡുക്കളായി നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യുന്നതാണ് പദ്ധതി. 2018 ഡിസംബർ 1 മുതലാണ് പദ്ധതി പ്രാബല്യത്തിൽ വന്നത്. ആനുകൂല്യം ലഭിക്കുന്നതിന് സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളിലെ ഗവൺമെന്റുകൾ പിഎം-കിസാൻ പോർട്ടലിൽ ആധാർ നമ്പർ രേഖപ്പെടുത്തണമെന്ന് 2019 ഡിസംബർ 1 മുതൽ നിർബന്ധമാക്കിയിരുന്നു. എന്നാൽ ആധാർ കാർഡ് കരസ്ഥമാക്കിയവരുടെ എണ്ണം പരിമിതമായതിനാൽ മേഘാലയ, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ ഇക്കഴിഞ്ഞ മാർച്ച് 31 വരെ ഇതിൽ നിന്ന് ഇളവ് നൽകിയിരുന്നു.
ഗുണഭോക്താക്കളുടെ ആധാർ നമ്പർ ശേഖരണം പൂർത്തിയാക്കുന്നതിന് അസം, മേഘാലയ സംസ്ഥാനങ്ങൾക്കും ജമ്മു കശ്മീർ, ലഡാക്ക് കേന്ദ്രഭരണപ്രദേശങ്ങൾക്കും കൂടുതൽ സമയമെടുക്കുമെന്നും ഏപ്രിൽ 1 മുതൽ ഈ പദ്ധതിയുടെ പ്രയോജനം ഇവിടുത്തെ ഗുണഭോക്താക്കൾക്ക് ലഭിക്കില്ലെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇളവ് അനുവദിച്ചത്.
ഏപ്രിൽ എട്ടു വരെയുള്ള കണക്ക് അനുസരിച്ച് ഈ സംസ്ഥാനങ്ങളിലെ ഗുണഭോക്താക്കളായ കർഷർക്ക് ഒരു ഗഡു ധനസഹായം ലഭിച്ചിട്ടുണ്ട്. അസമിൽ 27,09,586 പേർക്കും മേഘാലയയിൽ 98,915 പേർക്കും ലഡാക്കിലും ജമ്മു കശ്മീരിലുമായി 10,01,668 പേർക്കും ആദ്യഗഡു ലഭിച്ചു.
Story highlights-Prime Minister Kisan Sammanidhi, Aadhaar number extended for beneficiaries in Jammu and Kashmir and Ladakh UTs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here