തപാൽ ഓഫീസ് വഴി ബാങ്ക് അക്കൗണ്ടിൽ നിന്ന് ആളുകൾ പിൻവലിച്ചത് 344 കോടി

ലോക്ക് ഡൗണിൽ ബാങ്ക് അക്കൗണ്ടിലുള്ള പണം വാതിൽപ്പടിയിലെത്തിക്കുന്ന തപാൽ വകുപ്പിന്റെ പദ്ധതിയിലൂടെ ആളുകളുടെ കൈയിലെത്തിച്ചത് 344 കോടി രൂപ. പദ്ധതി വളരെ ജനോപകാരപ്രദമായ രീതിയിൽ 3,44,17,55,716 രൂപ രൂപയാണ് വീടുകളിലേക്ക് എത്തിച്ചത്. ഈ മാസം എട്ട് മുതൽ 21 വരെയുള്ള കണക്കാണിത്. രണ്ടാഴ്ച കൊണ്ടാണ് ആളുകള്‍ ഇത്രയും രൂപ പിന്‍വലിച്ചത്.
ഉത്തർ പ്രദേശിലാണ് ഏറ്റവും കൂടുതൽ ഇടപാട് ഇത്തരത്തിൽ നടന്നിട്ടുള്ളത്. ലോക്ക് ഡൗൺ കാലത്ത് ബാങ്കിൽ നിന്ന് പണം പിൻവലിക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് പദ്ധതി തുടങ്ങിയത്. ആധാറുമായി ബന്ധിപ്പിച്ചുള്ള അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കാം. 93 ബാങ്കുകളാണ് പോസ്റ്റ് ഓഫീസുമായി സഹകരിച്ച് ഈ പദ്ധതിയിൽ പങ്കാളികളായിരിക്കുന്നത്. ആവശ്യമുള്ളപ്പോൾ തപാലോഫീസിലേക്ക് വിളിച്ചറിയച്ചാൽ മതി. പോസ്റ്റുമാൻ വീട്ടിലെത്തും.
കേരളത്തിന് ഇടപാടുകളുടെ കണക്കിൽ ഏഴാം സ്ഥാനമാണുള്ളത്. സംസ്ഥാനത്ത് കൂടുതൽ പേർ പണം പിൻവലിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. വീട്ടിലെത്തുന്ന പോസ്റ്റുമാന്റെ കൈയിലുള്ള യന്ത്രത്തിൽ വിവരങ്ങൾ നൽകിയാൽ അക്കൗണ്ട് കൈവശമുള്ള ആളുടെ ഫോണിലേക്ക് സന്ദേശം വരും. പ്രത്യേക സർവീസ് ചാർജ് ഇല്ലാതെ തന്നെ സന്ദേശത്തിലുള്ള കോഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാം.
Story highlights-postoffice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here