ഹെലിൻ ബോലെകിന് പിന്നാലെ തുർക്കിയിൽ വീണ്ടും നിരാഹാര മരണം

വിപ്ലവ ഗായിക ഹെലിൻ ബോലെകിന് പിന്നാലെ തുർക്കിയിൽ വീണ്ടുമൊരു നിരാഹാര മരണം. തുർക്കി സർക്കാർ രാഷ്ട്രീയ തടവുകാരനാക്കിയ മുസ്തഫ കൊച്ചാക്കാണ് ജയിലിൽ മരിച്ചത്. 297 ദിവസത്തെ നിരാഹാര സമരത്തിനൊടുവിലാണ് മുസ്തഫ മരണത്തിന് കീഴടങ്ങിയത്.
2015ൽ മെഹ്മത് സെലിം എന്ന അഭിഭാഷകനെ വധിക്കാൻ സ്ഫോടക വസ്തുക്കളും ആയുധങ്ങളുമെത്തിച്ചു നൽകിയെന്നാരോപിച്ചാണ് മുസ്തഫ കൊച്ചാക്കിനെ ജീവപര്യന്തം ശിക്ഷക്ക് വിധിക്കുന്നത്. എന്നാൽ മുസ്തഫ തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ചു. കുറ്റം സമ്മതിക്കാൻ തനിക്കെതിരെ പൊലീസ് നടത്തിയത് കൊടിയ പീഡനമാണെന്ന് മുസ്തഫ ആരോപിച്ചിരുന്നു. പന്ത്രണ്ട് ദിവസത്തോളം ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്നും മുസ്തഫ പറഞ്ഞിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കൊച്ചാക്ക് അഭിഭാഷകന് കത്തയച്ചിരുന്നു. കേസിൽ ശരിയായ അന്വേഷണം ആവശ്യപ്പെട്ടാണ് മുസ്തഫ ജയിലിൽ നിരാഹാരം ആരംഭിച്ചത്.
read also: 288 ദിവസത്തെ നിരാഹാരം; തുർക്കി വിപ്ലവ ഗായിക ഹെലിൻ ബോലെക് മരിച്ചു
മുസ്തഫയുടെ കേസ് വാദിക്കുന്ന തുർക്കിയിലെ നിയമ ഗ്രൂപ്പായ ഹൽക്കിൻ ഹുക്കുക് ബുറോസുവാണ് കൊച്ചാക്കിന്റെ മരണ വാർത്ത പുറത്തുവിട്ടത്. മുസ്തഫയ്ക്ക് ശരിയായ വിചാരണയ്ക്കുള്ള അവകാശം നിഷേധിച്ചുവെന്നും നിയമ ഗ്രൂപ്പ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here